മാനന്തവാടി: നവീകരണ പ്രവൃത്തികൾക്ക് ശേഷം വിനോദസഞ്ചാരികൾക്കായി തുറന്ന് കൊടുത്ത പഴശി പാർക്കിൽ 10 ദിവസത്തിനിടെ സന്ദർശിച്ചത് 2500 ഓളം പേർ. ഈ കാലയളവിൽ ജില്ലാ ടൂറിസം പ്രമോഷൻ കൗണ്സിലിന് വരുമാന ഇനത്തിൽ ലഭിച്ചതാകട്ടെ 63,220 രൂപയും. കബനി പുഴയോരത്ത് പ്രകൃതി രമണിയമായി നിർമ്മിച്ച പാർക്ക് 1994 ലാണ് പ്രവർത്തനം ആരംഭിച്ചത്.
ആദ്യകാലങ്ങളിൽ പാർക്ക് നല്ല രീതിയിൽ പ്രവർത്തിക്കുകയും ബോട്ടിംഗ് ഉൾപ്പെടെയുള്ളവയിൽ നിന്നായി ഡിടിപിസിക്ക് നല്ലൊരു തുക വരുമാന ഇനത്തിൽ ലഭിക്കുകയും ചെയ്തിരുന്നു. പിന്നീട് നാശത്തിലേക്ക് കൂപ്പ് കുത്തുകയായിരുന്നു. വർഷങ്ങളായി അടഞ്ഞ് കിടക്കുകയായിരുന്ന പാർക്ക് കഴിഞ്ഞ മാസം 27നാണ് സന്ദർശകർക്കായി തുറന്ന് കൊടുത്തത്.
സംസ്ഥാന ടൂറിസം വകുപ്പിന്റെ 50 ലക്ഷം രൂപയും ഡിടിപിസിയുടെ 38 ലക്ഷം രൂപയും ഉപയോഗിച്ചാണ് പാർക്ക് നവീകരിച്ചത്. നടപ്പാത, കുട്ടികൾക്ക് കളിക്കുന്നതിനുള്ള ഉപകരണങ്ങൾ, ഇരിപ്പിടങ്ങൾ, ബോട്ടിംഗ്, വികലാംഗർക്കായുള്ള ടോയ്ലറ്റ് എന്നിവയെല്ലാം സജീകരിച്ചിട്ടുണ്ട്.
ഇപ്പോൾ നിത്യേന സന്ദർശകരുടെ എണ്ണം വർധിച്ച് വരുന്നതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ഡിസംബർ 30 നാണ് പ്രവർത്തനം ആരംഭിച്ച ശേഷം ഏറ്റവും കുടുതൽ പേർ പാർക്ക് സന്ദർശിച്ചത്. 552 പേർ ഇവിടം സന്ദർശിക്കുകയും 14450 രൂപ വരുമാനമായി ലഭിക്കുകയും ചെയ്തു.
മുതിർന്നവർക്ക് 20 രൂപയും കുട്ടികൾക്ക് 10 രൂപയുമാണ് ടിക്കറ്റ് നിരക്ക്. സ്റ്റിൽ ക്യാമറക്ക് 20 രൂപയും വീഡിയോ ക്യാമറക്ക് 100 രൂപയുമാണ് ഈടാക്കുന്നത്. രണ്ട് പേർക്ക് സഞ്ചാരിക്കാവുന്ന പെഡൽ ബോട്ടിന് 200 രൂപയും നാല് പേർക്കുള്ള ബോട്ടിന് 350 രൂപയുമാണ് നിരക്ക്.
രണ്ടാം ഘട്ട പ്രവർത്തികൾ പൂർത്തീകരിക്കുന്നതോടെ പാർക്ക് മുഴുവൻ ലൈറ്റുകൾ സ്ഥാപിക്കും. ഇതോടെ പ്രവർത്തനം സമയം ഒന്പത് വരെയായി ദീർഘിപ്പിക്കാൻ കഴിയുകയും കൂടുതൽ പേർ പാർക്ക് സന്ദർശിക്കാൻ എത്തുമെന്ന് പ്രതീക്ഷിക്കുന്നതായും പാർക്ക് മാനേജർ ബൈജു പറഞ്ഞു.