ജോലി സമയത്തിന് ശേഷം തൊഴില്‍ദാതാവിന്റെ ഫോണ്‍ കോളുകള്‍ അവഗണിക്കാനുള്ള തൊഴിലാളികളുടെ അവകാശത്തിനായി ലോക്സഭയില്‍ പ്രൈവറ്റ് മെംമ്പേഴ്സ് ബില്‍ അവതരിപ്പിച്ച് എന്‍.സി.പി എം.പി സുപ്രിയ സുലെ.
തൊഴിലാളികളുടെ സ്വകാര്യജീവിതവും ജോലിയും തമ്മിലുള്ള സംഘര്‍ഷത്തില്‍ അയവു വരുത്തി, മാനസിക പിരിമുറുക്കം കുറക്കുക എന്നതാണ് ദി റൈറ്റ് റ്റു ഡിസ്കണക്റ്റ് ബില്ലിന്റെ ലക്ഷ്യമെന്നാണ് എംപി പറഞ്ഞത്.
ആളുകളുടെ ജോലി സമയത്തിനു ശേഷമുള്ള ഡിജിറ്റല്‍ ഉപകരണങ്ങളുടെ ഉപയോഗത്തെക്കുറിച്ചുള്ള പഠന റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കാനായി ഐ.ടി, കമ്മ്യൂണിക്കേഷന്‍ ആന്റ് ലേബര്‍ മന്ത്രിമാരടങ്ങുന്ന ക്ഷേമ സമിതി സ്ഥാപിക്കാനും ഈ ബില്‍ നിര്‍ദേശിക്കുന്നു. പത്തിലധികം ജോലിക്കാരുള്ള സ്ഥാപനങ്ങള്‍ ജോലിക്കാരുമായി കൂടിയാലോചിച്ച് സ്ഥാപനങ്ങളിലെ അംഗങ്ങളടങ്ങുന്ന ക്ഷേമ സമിതി ആരംഭിക്കാനും ബില്ലില്‍ പറയുന്നുണ്ട്.
ഡിജിറ്റല്‍ പരിസ്ഥിതിയില്‍ നിന്നും സ്വതന്ത്രമാക്കി ജോലിക്കാരെ ചുറ്റുപാടുമായി ഇടപഴകാന്‍ പ്രാപ്തമാക്കാന്‍ സര്‍ക്കാരിന്റെ ആഭിമുഖ്യത്തില്‍ കൗണ്‍സിലിങ്ങ് സെന്ററുകള്‍, ഡിജിറ്റല്‍ ഡീട്ടോക്സ് സെന്ററുകള്‍ എന്നിവ സ്ഥാപിക്കാനും ബില്ലില്‍ പറയുന്നുണ്ട്.
‘ജോലിക്കാര്‍ 24 മണിക്കൂറും തൊഴിലുമായി ബന്ധപ്പെട്ട് ലഭ്യമായിരിക്കുന്ന അവസ്ഥ അവരില്‍ ഉറക്കക്കുറവ്, മാനസിക സംഘര്‍ഷം, വൈകാരിക സംഘര്‍ഷം എന്നിവയ്ക്ക് കാരണമാകുന്നതായി പഠനങ്ങള്‍ തെളിയിക്കുന്നു. അവധി ദിവസങ്ങളില്‍ പോലും കോളുകള്‍ക്കും, ഇ-മെയിലുകള്‍ക്കും മറുപടി കൊടുക്കാന്‍ നിര്‍ബന്ധിതരാവുന്നത് തൊഴിലാളികളുടെ ജോലിയേയും ജീവിതത്തേയും ഒരു പോലെ ബാധിക്കും’- സുലെ പറഞ്ഞതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.