സമയോചിത ഇടപെടലിൽ അയർലൻഡുകാരന്റെ ജീവൻ രക്ഷിച്ച് മലയാളി യുവാവ്. കിൽക്കെനി ബാലിറാഗേറ്റ് ബ്രൂക്ക് ഹെവൻ നഴ്സിംഗ് ഹോമിലെ ക്ലിനിക്കൽ നഴ്സ് മാനേജർ ആലക്കോട് സ്വദേശി മനു മാത്യുവാണ് ജാണ് മക്കെയ്സി എന്ന ഐറിഷ്കാരന്റെ ജീവൻ രക്ഷിച്ചത്.
അയർലൻഡിലെ കാർലോയിൽ നടന്ന സൗത്ത് വെസ്റ്റ് ലിൻസ്റ്റെർ ബാഡ്മിന്റണ് ഫൈനലിൽ മറ്റു രണ്ടുപേർക്കൊപ്പം കിൽക്കെനിയെ പ്രതിനിധീകരിച്ച് ഡബിൾസ് കളിക്കാനെത്തിയതായിരുന്നു മനുവും ജോണ് മക്കെയ്സിയും. കളിക്കിടെ കോർട്ടിൽനിന്നു പുറത്തേക്കു പോയ ജോണ് മറിഞ്ഞുവീണു. വായിൽ നുരയും പതയും വരുന്നതു കണ്ടതോടെ ജോണിന് മനു പ്രഥമശുശ്രൂഷ തുടങ്ങി.
പൾസ് റേറ്റ് നോക്കിയപ്പോൾ യാതൊരു മറുപടിയും ലഭിക്കുന്നില്ലെന്ന് മനസിലായതോടെ മനു ജോണിന് മൗത്ത് ടു മൗത്ത് റസ്ക്യൂ ബ്രീത്ത് കൊടുത്തു. ആദ്യതവണ തന്നെ പ്രതികരിച്ച ജോണിന്റെ ശ്വാസം വീണ്ടും നിന്നുപോകുന്നത് മനു അറിഞ്ഞു.
തുടർച്ചയായി പത്തു മിനിറ്റ് മനു മൗത്ത് ടു മൗത്ത് റസ്ക്യൂ ബ്രീത്ത് കൊടുത്തതോടെ ജീവന്റെ തുടിപ്പുകൾ ജോണിലേക്കു തിരിച്ചുവന്നു. അപ്പോഴേക്കും ആംബുലൻസും എത്തി. ആശുപത്രിയിൽ എത്തിച്ചശേഷം നടത്തിയ പരിശോധനയിൽ ജോണിന്റെ ഹൃദയത്തിൽ നാല് ബ്ലോക്കുകളുള്ളതായി കണ്ടെത്തി. ചികിത്സയ്ക്കുശേഷം വീട്ടിൽ വിശ്രമത്തിലാണ് ജോണ്.
അപസ്മാരം ബാധിച്ചപോലെയാണ് ആദ്യം തോന്നിയത്. അത്രയും നേരം കളിച്ചുകൊണ്ടിരുന്ന ഒരാൾക്ക് അങ്ങനെ വരാനുള്ള സാധ്യതയില്ലെന്നു ചിന്തിച്ചപ്പോൾ ഹൃദയാഘാതമായിരിക്കാം എന്ന് മനസിലായി. അപ്പോഴേക്കും ജോണ് അബോധാവസ്ഥയിലായി കഴിഞ്ഞിരുന്നു. അദ്ദേഹം വീണ്ടും തിരിച്ചുവരുന്നുവെന്ന് കണ്ടപ്പോൾ വിശ്വസിക്കാനായില്ല- മനു പറയുന്നു.
പുതുവർഷത്തിൽ അയർലൻഡിലെ മാധ്യമങ്ങൾക്കും മനു ഹീറോയായിരുന്നു. കാസിൽകോമിറിലെ താമസക്കാരനായ കണ്ണൂർ ആലക്കോട് വായാട്ടുപറന്പിലെ തെക്കേകൊട്ടാരം കുടുംബാംഗമായ മനു മാത്യു 2006 മുതൽ കിൽക്കെനിയിൽ ജോലി ചെയ്തുവരികയാണ്. ഭാര്യ നിഷ എച്ച്എസ്ഇയുടെ കമ്യൂണിറ്റി നഴ്സായി കിൽക്കെനിയിൽ ജോലിചെയ്യുന്നു.