സൈബർ ആക്രമണവുമായി ജർമനിയെ വിറപ്പിച്ച ഹാക്കറെ പിടികൂടി. ജർമനിയിലെ ഹെസ്സേ സ്വദേശിയായ 20 വയസുകാരനാണ് അറസ്റ്റിലായതെന്ന് ഫെഡറൽ ക്രിമിനൽ പോലീസ് ഓഫീസ്(ബികെഎ) അറിയിച്ചു. വിദ്യാർഥിയായ ഇയാൾ ഒറ്റയ്ക്കാണ് കുറ്റകൃത്യം നടത്തിയതെന്നാണ് വിവരം. കുറ്റക്കാരനെന്ന് തെളിഞ്ഞാൽ മൂന്നു വർഷം വരെ തടവ് ലഭിക്കാം.
ജനുവരി നാലിനാണ് ജർമനിയിൽ വൻ ഡേറ്റാ ചോർച്ചയുണ്ടായതായി വെളിപ്പെടുത്തൽ വരുന്നത്. ചാൻസലർ ആംഗല മെർക്കൽ, പ്രസിഡന്റ് ഫ്രാങ്ക് വാൾട്ടർ സ്റ്റെയിൻമെയർ എന്നിവരടക്കം രാജ്യത്തെ ഭൂരിഭാഗം ജനപ്രതിനിധികളുടെയും രാഷ്ട്രീയ നേതാക്കളുടെയും മാധ്യമപ്രവർത്തകരുടെയും രഹസ്യവിവരങ്ങൾ ചോർത്തി ഹാക്കർ ട്വിറ്ററിൽ പ്രസിദ്ധീകരിച്ചു. ഫെഡറൽ പാർലമെന്റിലെയും സംസ്ഥാന പാർലമെന്റുകളിലെയും ഭൂരിഭാഗം അംഗങ്ങളും ഹാക്കിംഗിന് ഇരയായിരുന്നു.
സൈബർ ആക്രമണവുമായി ബന്ധപ്പെട്ട് ദേശീയ സൈബർ പ്രതിരോധ കേന്ദ്രം നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. രാഷ്ട്രീയക്കാർ, മാധ്യമപ്രവർത്തകർ എന്നിവരുടെ പരസ്യ നിലപാടുകളിലുള്ള അമർഷമാണ് സൈബർ ആക്രമണത്തിലേക്ക് നയിച്ചതെന്നാണ് യുവാവ് പറയുന്നത്. ഹാക്കിംഗിന് ശേഷം പിടിക്കപ്പെടാതിരിക്കാൻ കംപ്യൂട്ടർ നശിപ്പിച്ചെങ്കിലും മറ്റ് ഡിജിറ്റൽ ട്രാക്കിലൂടെ പോലീസ് പ്രതിയുടെ അടുത്തേക്ക് എത്തുകയായിരുന്നു.
ഫോൺ നമ്പറുകൾ, സ്വകാര്യ ചാറ്റിംഗ്, സാമ്പത്തിക വിശദാംശങ്ങൾ, തുടങ്ങിയവയെല്ലാം ചോർത്തപ്പെട്ടിരുന്നു. എന്നാൽ അതീവ രഹസ്യമായ വിവരങ്ങളൊന്നും ചോർന്നിട്ടില്ലെന്ന് സർക്കാർ വ്യക്തമാക്കിയിരുന്നു. തീവ്രവ ലതുപക്ഷ നിലപാടുകൾ പുലർത്തുന്ന ഓൾട്ടർനേറ്റീവ് ഫോർ ജർമനി(എഎഫ്ഡി) പാർട്ടിയുടെ അംഗങ്ങൾ മാത്രമാണ് ഹാക്കിംഗിൽ നിന്ന് ഒഴിവാക്കപ്പെട്ടത്.