തിരുവനന്തപുരം: സോഷ്യൽ മീഡിയ രംഗത്ത് ഏറ്റവും കൂടുതൽ പേർ പിന്തുടരുന്ന കേരള പോലീസിന്റെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിനെ അഭിനന്ദിക്കാൻ ഫേസ്ബുക്ക് തന്നെ നേരിട്ടെത്തുന്നു.പോലീസിന്റെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജ് ഒരു മില്ല്യൻ ലൈക്ക് നേടിയതിന്റെ അറിയപ്പ് ഔദ്യോഗികമായി അറിയിക്കാൻ ഫെയ്സ്ബുക്ക് ഇന്ത്യ മേധാവി സത്യ യാദവ് ആണ് എത്തുന്നത്.
വ്യാഴാഴ്ച വൈകുന്നേരം പോലീസ് ആസ്ഥാനത്തു നടക്കുന്ന ചടങ്ങിൽ ഒരു മില്ല്യൻ ലൈക്ക് നേടിയതിന്റെ അറിയപ്പ് സത്യ യാദവ് മുഖ്യമന്ത്രി പിണറായി വിജയനു കൈമാറും. ലോകത്തിലെ വന്പൻ പോലീസ് സന്നാഹമായ ന്യൂയോർക്ക് പോലീസിന്റെ പേജിനെ മറികടന്നാണ് കേരള പോലീസിന്റെ ഫെയ്സ്ബുക്ക് പേജ് ഒരു മില്ല്യൻ എന്ന മാന്ത്രികസംഖ്യ കടന്നത്.
ചടങ്ങിൽ ഈ ലക്ഷ്യത്തിന് വേണ്ടി പ്രവർത്തിച്ച പോലീസിന്റെ ഫെയ്സ്ബുക്കിന്റെ പിന്നിലുള്ള ഉദ്യാഗസ്ഥരെ മുഖ്യമന്ത്രി ആദരിക്കും. തുടർന്ന് സുരക്ഷിതമായ യാത്രയെക്കുറിച്ച് റെയിൽവേ പോലീസ് തയാറാക്കിയ ബോധവത്കണ ഹ്രസ്വചിത്രത്തിന്റെ സിഡിയും മുഖ്യമന്ത്രി പ്രകാശനം ചെയ്യും.
സോഷ്യൽ മീഡിയ വഴി പോലീസിന്റെ മാർഗനിർദേശങ്ങളും മുന്നറിയിപ്പുകളും, ട്രാഫിക് സൈബർ സംബന്ധമായ ബോധവത്കണവും, നിയമകാര്യങ്ങൾ എന്നിവ ജനങ്ങളെ ബോധവത്കരിക്കുന്നതിനു വേണ്ടിയാണ് കേരള പോലീസ് ഫെയ്സ്ബുക്ക് പേജ് ആരംഭിച്ചത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ പൊതു ജനങ്ങൾ കൈനീട്ടി സ്വീകരിച്ചതോടെ വൻ ജനപിന്തുണയാണ് കേരള പോലീസിന്റെ ഫെയ്സ് ബുക്ക് പേജിന് ലഭിച്ചിരുന്നത്.
പേജിൽ ട്രോളുകളുടെയും വീഡിയോകളുടെയും രൂപത്തിൽ അവതരിപ്പിച്ച ആശയം വൻ ഹിറ്റായതോടെയാണ് ലോകോത്തര പോലീസ് പേജുകളെ പിന്നിലാക്കി കേരള പോലീസിന്റെ ഫെയ്സ് ബുക്ക് പേജ് നേട്ടം കൊയ്യുന്നത്.