ന്യൂഡൽഹി: റഫാൽ യുദ്ധ വിമാന ഇടപാടിൽ വീണ്ടും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കടന്നാക്രമിച്ച് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. റഫാലുമായി ബന്ധപ്പെട്ട് പാർലമെന്റിൽനടന്ന ചർച്ചയിൽനിന്ന് വിട്ടുനിന്ന പ്രധാനമന്ത്രിയെ പരിഹസിച്ചാണ് രാഹുൽ രംഗത്തെത്തിയിരിക്കുന്നത്.
ഒരു സ്ത്രീയോട് തന്നെ സംരക്ഷിക്കണമെന്ന് ആവിശ്യപ്പെട്ടിട്ട്, 56 ഇഞ്ച് നെഞ്ച് അളവുള്ള കാവൽക്കാരൻ ലോക്സഭയിൽനിന്നും ഓടി ഒളിച്ചെന്ന് രാഹുൽ പരിഹസിച്ചു. തനിക്ക് പ്രതിരോധിക്കാനാവില്ല. അതിനാൽ സീതാരാമൻജി തന്നെ ഒന്നു സംരക്ഷിച്ചോളണം എന്നാവശ്യപ്പെട്ടിട്ട് ലോക്സഭയിൽനിന്നും 56 ഇഞ്ച് നെഞ്ച് അളവുള്ള കാവൽക്കാരൻ ഓടി മറഞ്ഞു. നിങ്ങളെല്ലാം ആ 2.5 മണിക്കൂർ കണ്ടതല്ലെ. ആ സ്ത്രീ അദ്ദേഹത്തെ സംരക്ഷിക്കുന്നതിൽ പരാജയപ്പെട്ടു- രാഹുൽ പറഞ്ഞു.
റഫാൽ ചർച്ചയിൽ പ്രതിരോധമന്ത്രി നിർമല സീതാരാമന്റെ 2.5 മണിക്കൂർ പ്രസംഗത്തെ സൂചിപ്പിച്ചായിരുന്നു രാഹുലിന്റെ പരിഹാസം. ജയ്പൂരിൽ റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
എന്നാൽ രാഹുലിന്റെ ഈ പരിഹാസത്തിനെതിരെ കേന്ദ്ര വനിത കമ്മീഷൻ രംഗത്തുവന്നിട്ടുണ്ട്. സംഭവുമായി ബന്ധപ്പെട്ട് രാഹുൽ ഗാന്ധിക്ക് നോട്ടീസ് അയക്കുമെന്ന് വനിത കമ്മീഷൻ അറിയിച്ചു. രാജ്യത്തെ എല്ലാ വനിതകളെയും രാഹുൽ ഇതിലൂടെ ആക്ഷേപിച്ചെന്നായിരുന്നു പ്രധാനമന്ത്രിയുടെ ഇക്കാര്യത്തിലെ പ്രതികരണം.