നെടുങ്കണ്ടം: മൈലാടുംപാറയിൽ ഒന്നര ആഴ്ചയായി നാട്ടുകാരെ ഭീതിയിലാഴ്ത്തിയ മൂർഖനെ പിടികൂടി. മൈലാടുംപാറയ്ക്ക് സമീപം വെങ്കായപ്പാറ കോളനിയിൽ നടപ്പുവഴിയോടു ചേർന്നുള്ള മണ്പുറ്റിലാണ് മൂർഖൻ ഒളിച്ചിരുന്നത്. ആളുകളുടെ ശബ്ദം കേട്ടാലുടൻ മൂർഖൻ പുറത്തെത്തി ചീറ്റുകയും ഫണം വിടർത്തി ഭയപ്പെടുത്തുകയും ചെയ്തിരുന്നതായി നാട്ടുകാർ പറഞ്ഞു.
ശല്യം രൂക്ഷമായതോടെ പഞ്ചായത്തംഗം ജോമോനും പൊതുപ്രവർത്തകൻ ജിബീഷ് വള്ളക്കടയും പാന്പ് പിടുത്തത്തിൽ വിദഗ്ധനായ കട്ടപ്പന അഗ്രോ കെമിക്കൽ ഉടമ ഷുക്കൂറിനെയും വനംവകുപ്പ് അധികൃതരെയും വിവരമറിയിക്കുകയായിരുന്നു.
പാന്പിനെ പിടിക്കാനായി ഷുക്കൂർ എത്തിയെങ്കിലും പാന്പ് മാളത്തിലൊളിച്ചു. പിന്നീട് നാട്ടുകാരുടെ സഹായത്തോടെ മണ്ണ് നീക്കി നാലര മണിക്കൂറോളം നീണ്ട പ്രയത്നത്തിനൊടുവിലാണ് മൂർഖൻ പിടിയിലായത്. പിടികൂടിയ പാന്പിന് ആറു വയസോളം പ്രായമുള്ളതായി വനം വകുപ്പ് അധികൃതർ പറഞ്ഞു.