കുറവിലങ്ങാട്: പണിമുടക്കിന്റെ പേരിൽ ബഹൂഭൂരിപക്ഷവും വീടുകളിലൊതുങ്ങുകയോ സമരരംഗത്തിറങ്ങുകയോ ചെയ്യുന്പോൾ പണിമുടക്കിനെ കഠിനാധ്വാനത്തിന്റെ വേളയാക്കി മാറ്റുകയാണ് ഇവിടെ ഒരു കൂട്ടം അധ്യാപകർ.
കുറവിലങ്ങാട് സെന്റ് മേരീസ് ബോയ്സ് എൽപി സ്കൂൾ അധ്യാപകരാണ് പിടിഎ പ്രസിഡന്റിന്റെ കരുത്തിൽ വേറിട്ട അധ്വാനത്തിലൂടെ മാതൃകയായത്. കടനാട് സ്വദേശിയായ ഹെഡ്മാസ്റ്റർ മാർട്ടിൻ ജോസഫും പിടിഎ പ്രസിഡന്റും കടപ്ലാമറ്റം ടെക്നിക്കൽ സ്കൂൾ അധ്യാപകനുമായ ബെന്നി ജോസഫ് കൊച്ചുകിഴക്കേടവുമാണ് പണിമുടക്കിനെ പണിയെടുപ്പ് ദിവസമാക്കിയത്.
പണിമുടക്കിന്റെ രണ്ടു ദിവസവും ഈ മാതൃകാ അധ്യാപകർ വിറക് കീറുകയായിരുന്നുവെന്നറിയുന്പോഴാണ് തൊഴിലിന്റെ മഹത്വവും സന്ദേശവും വെളിവാകുന്നത്. സ്കൂളിന്റെ പരിസരത്തുണ്ടായിരുന്ന പാഴ്ത്തടികളാണ് സ്കൂളിലെ കഞ്ഞിപ്പുരയിലേക്കാവശ്യമായ വിറകാക്കി ഇവർ മാറ്റിയത്. കഞ്ഞിപ്പുരയിലെ ഗ്യാസ് പണിമുടക്കിയാലുള്ള മുൻ കരുതലും പരിസരശുചിത്വവുമായിരുന്നു ലക്ഷ്യം. ഈ അധ്യാപകർക്കൊപ്പം സ്കൂളിലെ മറ്റ് അധ്യാപകരും തങ്ങളാലാവുന്ന വിധത്തിൽ സഹായിച്ചു.
പണിയെടുത്ത അധ്യാപകരെല്ലാം ഒപ്പിടാതെ പണിമുടക്കിനും പിന്തുണയറിയിച്ചുവെന്നതും വ്യത്യസ്തതയായി. അധ്യാപകരായ ബിജു ജെ. തോമസ്, റാണി മൈക്കിൾ, ജോബ് പി. ജോസഫ്, സോഫി മുളയോലിക്കൽ എന്നിവർ പണിമുടക്ക് ദിവസം നടത്തിയ ശുചീകരണപ്രവർത്തനങ്ങൾവഴി സ്കൂളിന്റെ പരിസരം കൂടുതൽ വൃത്തിയായി. ഇവർക്ക് പിന്തുണയുമായി സ്കൂളിലെ ചില പൂർവവിദ്യാർഥികളും രംഗത്തെത്തി.