ന്യൂഡല്‍ഹി: ചാറ്റ് ഷോയില്‍ പങ്കെടുത്ത് സ്ത്രീകളെക്കുറിച്ച് വിവാദപരാമര്‍ശം നടത്തിയ ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളായ ഹാര്‍ദിക് പാണ്ഡ്യക്കും ലോകേഷ് രാഹുലിനും ബിസിസിഐയുടെ നോട്ടീസ്. വിമര്‍ശനം ശക്തമായതോടെ ഹര്‍ദിക് പാണ്ഡ്യ ട്വിറ്ററിലൂടെ മാപ്പപേക്ഷയുമായി രംഗത്തെത്തി. വിവാദപരാമര്‍ശങ്ങള്‍ക്ക് ഏവരോടും നിര്‍വ്യാജം ഖേദംപ്രകടിപ്പിക്കുന്നതായി പാണ്ഡ്യ ബിസിസിഐയുടെ കാരണംകാണിക്കല്‍ നോട്ടീസിന് മറുപടി നല്കി.
വിവാദ പരാമര്‍ശങ്ങളുടെ പേരില്‍ ബിസിസിഐ ഇരുവരോടും വിശദീകരണം ആവശ്യപ്പെട്ടു. ക്രിക്കറ്റുമായി ബന്ധപ്പെടാത്ത ടിവി പരിപാടികളില്‍നിന്ന് കളിക്കാരെ വിലക്കുന്ന കാര്യത്തെക്കുറിച്ചും ബിസിസിഐ ആലോചിക്കുന്നുണ്ടെന്നാണ് വിവരങ്ങള്‍. ഇരുവരോടും 24 മണിക്കൂറിനുള്ളില്‍ വിശദീകരണം നല്‍കണമെന്നാണ് ബിസിസിഐ ആവശ്യപ്പെട്ടിരിക്കുന്നത്.
കോഫീ വിത്ത് കരണ്‍ എന്ന ചാറ്റ് ഷോയില്‍ പങ്കെടുത്ത് പാണ്ഡ്യയും രാഹുലും നടത്തിയ സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ക്കെതിരേ സോഷ്യല്‍ മീഡിയയിലും മറ്റും വ്യാപക പ്രതിഷേധമുയര്‍ന്നിരുന്നു. ലൈംഗിക ജീവിതത്തെ കുറിച്ച് ഹാര്‍ദിക് പാണ്ഡ്യ നടത്തിയ വിവാദ പ്രസ്താവനകളില്‍ നടപടി വേണമെന്ന് ബിസിസിഐയിലെ ഒരു വിഭാഗം ആവശ്യപ്പെട്ടതായാണ് റിപ്പോര്‍ട്ട്.