കുമരകം: ചെങ്ങളം മൂന്നുമൂലയിൽ പ്രവർത്തിക്കുന്ന ആക്രിക്കട കത്തി ചാന്പലായി. ഇന്നു പുലർച്ചെ 5.30നാണ് തീ പിടിത്തമുണ്ടായത്. ലക്ഷങ്ങളുടെ നഷ്ടമുണ്ടായതായി കണക്കാക്കുന്നു. ചെങ്ങളം അട്ടിപ്പുരയിൽ മുഹമ്മദുകുട്ടിയുടെ ഉടമസ്ഥതയിലുള്ളതാണ് ആക്രിക്കട. പഴയ പത്രം, കാർഡ് ബോർഡ്, പ്ലാസ്റ്റിക്, തെർമോകോൾ തുടങ്ങിയവ ഉൾപ്പെടെയുള്ള സാധനങ്ങളാണ് കത്തി നശിച്ചത്.
കോട്ടയത്തുനിന്ന് എത്തിയ രണ്ട് ഫയർഫോഴ്സ് യൂണിറ്റും നാട്ടുകാരും ചേർന്നാണ് തീയണച്ചത്. മൂന്നര മണിക്കൂർ നേരത്തെ പരിശ്രമങ്ങൾക്കൊടുവിൽ രാവിലെ ഒന്പതോടെയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. 20 വർഷത്തോളം വായനശാല കവലയ്ക്കു സമീപം പ്രവർത്തിച്ചിരുന്ന ആക്രിക്കട മൂന്നുമൂലയിൽ പ്രവർത്തിപ്പിക്കാൻ തുടങ്ങിയിട്ട് അഞ്ചു വർഷമായി.
ഇപ്പോൾ പഴയ പത്രത്തിനും പ്ലാസ്റ്റിക്കിനും വില കുറവായതിനാൽ വിറ്റഴിക്കാനാവാതെ കുടുതൽ സാധനങ്ങൾ കടയിൽ സ്റ്റോക്കുണ്ടായിരുന്നതായി കട ഉടമ അവകാശപ്പെ ട്ടു.ഇന്നലെ വൈകുന്നേരം ചവറുകൾക്ക് ഇട്ട തീ പടർന്നാണ് വൻ അഗ്നിബാധ ഉണ്ടായതെന്നാണ് പ്രാഥമിക നിഗമനം.
സമീപത്തെ തട്ടുകട ഉടമ ബാബു പുലർച്ചെ കട തുറക്കാനെത്തിയപ്പോഴാണ് പുക ഉയരുന്നത് കണ്ടത് . തട്ടുകട ഉടമയാണ് ഫയർഫോഴ്സിൽ വിവരം അറിയിച്ചത്. കുമരകം എസ്.ഐ.ജി.രജൻ കുമാറിന്റെ നേതൃത്വത്തിലെത്തിയ പോലീസ് ഉദ്യോഗസ്ഥർ അഗ്നിബാധയുടെ തുടർ നടപടികൾ സ്വീകരിച്ചു വരുന്നു.