സമൂഹത്തിലെ ഉയര്‍ന്ന ശ്രേണികളിലുള്ളവര്ക്കായി അത്യാകര്‍ഷകമായ നിരവധി പ്ലേ സ്കൂളുകളും കെജി സ്കൂളുകളും ഉണ്ടായിരിക്കേ, തിരുനെല്‍വേലി ജില്ലാ കളക്ടര്‍, തന്റെ മകളെ സര്‍ക്കാര്‍ വക അംഗന്‍വാടിയില്‍ ചേര്‍ത്ത് വ്യത്യസ്തമായ ഒരു മാതൃക നല്‍കിയിരിക്കുകയാണ്.
2009 ബാച്ചിലെ ഐഎഎസ് ഓഫീസറായ ശില്പ പ്രഭാകറാണ് തന്റെ ഈ പ്രത്യേക നിലപാടിലൂടെ കയ്യടി നേടിക്കൊണ്ടിരിക്കുന്നത്. തിരുനെല്‍വേലിയിലെ ആദ്യ വനിതാ കളക്ടര്‍ കൂടിയാണ് ശില്പ.
അംഗനവാടികളെ പ്രോത്സാഹിപ്പിക്കേണ്ടതും ഉദ്ധരിക്കേണ്ടതും നമ്മള് തന്നെയല്ലേ എന്നതായിരുന്നു, വീടിനടുത്തുള്ള അംഗനവാടിയില്‍ കുട്ടിയെ ചേര്‍ത്തതിനെക്കുറിച്ച് മാധ്യമ പ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ കളക്ടറുടെ ഉത്തരം. മാത്രവുമല്ല, സമൂഹത്തിലെ എല്ലാ നിലവാരത്തിലുമുള്ള ആളുകളുമായും തന്റെ മകള്‍ ഇടപഴകുക എന്നതും തമിഴ് ഭാഷ മികച്ച രീതിയില്‍ കൈകാര്യം ചെയ്യാന്‍ അവളെ പ്രാപ്തയാക്കുക എന്നതും ഇതിലൂടെ താന്‍ ലക്ഷ്യം വയ്ക്കുന്നുവെന്ന് കളക്ടര്‍ പറഞ്ഞു.
അതുപോലെ തന്നെ നമ്മുടെ അംഗനവാടികളില്‍ ഇപ്പോള്‍ എല്ലാവിധ സൗകര്യങ്ങളുമുണ്ടെന്നും മികച്ച അധ്യാപകരും അത്യാധുനിക സൗകര്യങ്ങളും അവിടെയെല്ലാമുണ്ടെന്നും കളക്ടര്‍ വ്യക്തമാക്കി. ഏതായാലും കളക്ടറുടെ ഈ നടപടിയെ അഭിനന്ദനം കൊണ്ട് മൂടുകയാണ് ഈ വാര്‍ത്ത അറിയുന്നവരെല്ലാം.