തളിപ്പറമ്പ്(കണ്ണൂർ): മാവോയിസ്റ്റ് നേതാവിന്റെ മകളെ പീഡിപ്പിച്ച സംഭവത്തിൽ ചെന്പേരി സ്വദേശിക്കെതിരേ പരിയാരം മെഡിക്കൽ കോളജ് പോലീസ് കേസെടുത്തു. കഴിഞ്ഞ വർഷം ഓഗസ്റ്റ് ഒന്നിനാണ് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പിലാത്തറയിലെ വാടകവീട്ടിൽ വെച്ച് ചെമ്പേരി സ്വദേശി പീഡിപ്പിച്ചെന്ന് പെൺകുട്ടി വെളിപ്പെടുത്തിയത്.
നേരത്തെ പാലക്കാട് സ്റ്റേഷനിൽ ചാർജ് ചെയ്ത സംഭവം നടന്നത് പരിയാരം സ്റ്റേഷൻ പരിധിയിലെ പിലാത്തറയിലെ വാടക വീട്ടിലായതിനാലാണ് കേസ് ഇവിടേക്ക് റഫർ ചെയ്തത്. പരിയാരത്ത് പുതുതായി എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. പരാതിക്കാരിയായ പെൺകുട്ടി ഇപ്പോൾ നാട്ടിലില്ല.
പരിയാരം പ്രിൻസിപ്പൽ എസ്ഐ വി.ആർ. വിനീഷ് പരാതിക്കാരിയുമായി ബന്ധപ്പെട്ടെങ്കിലും ലീവിൽ നാട്ടിൽ വരുമ്പോൾ പോലീസുമായി ബന്ധപ്പെടാമെന്ന മറുപടിയാണ് ലഭിച്ചത്. പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തലും മെഡിക്കൽ ടെസ്റ്റും കഴിഞ്ഞാൽ മാത്രമേ പോലീസിന് ഇക്കാര്യത്തിൽ ഇനിഎന്തെങ്കിലും ചെയ്യാൻ കഴിയൂ എന്ന് പോലീസ് പറഞ്ഞു.