ഷൊർണൂർ: ഷൊർണൂർ നഗരസഭയുടെ സമഗ്ര കുടിവെള്ളപദ്ധതിക്കായുള്ള പൈപ്പുലൈൻ സ്ഥാപിക്കൽ ഉടനേ തുടങ്ങും. ഷൊർണൂർ നഗരസഭയും ജലവകുപ്പ് അധികൃതരും തമ്മിലുണ്ടായ തർക്കമാണ് ഇത്രയുംദിവസം പൈപ്പുലൈൻ സ്ഥാപിക്കുന്ന നടപടികൾ വൈകുന്നതിനു കാരണമായത്. ജലഅതോറിറ്റി നിർദേശിച്ച സ്ഥലത്തുകൂടി പൈപ്പുലൈൻ സ്ഥാപിക്കാൻ നഗരസഭ അനുമതി നല്കി.
നഗരസഭയുടെ കെട്ടിടം നിലനില്ക്കുന്ന സ്ഥലത്തുകൂടി പൈപ്പുലൈൻ വലിക്കുന്നതിന് ഷൊർണൂർ നഗരസഭാ ഭരണസമിതി അനുമതി നല്കിയതോടെയാണ് ഇത് സംബന്ധിച്ച തർക്കത്തിനു പരിഹാരമായത്. നഗരസഭാ കെട്ടിടം നില്ക്കുന്ന സ്ഥലത്തുകൂടി പൈപ്പുലൈൻ കടന്നുപോകുമെന്നതായിരുന്നു നഗരസഭയുടെ എതിർപ്പിന് കാരണമായത്.
മറ്റുവഴികളുണ്ടെങ്കിലും ജലഅതോറിറ്റി ഇക്കാര്യത്തിൽ കരാറുകാരനെ സഹായിക്കുകയാണെന്ന് ഷൊർണൂർ നഗരസഭ ചെയർപേഴ്സണ് ആരോപിച്ചത്. ഫെബ്രുവരിയോടെ ശുദ്ധീകരണശാല യുടെ നിർമാണം പൂർത്തിയാക്കുമെന്ന് ജലഅതോറിറ്റി അധികൃതർ വ്യക്തമാക്കി. പൈപ്പുലൈൻ സ്ഥാപിക്കാനുള്ള അനുമതി ലഭിക്കാത്തതിനാൽ തുടർപ്രവൃത്തികൾ തടസപ്പെട്ടിരിക്കുകയാണെന്നാണ് ജലഅതോറിറ്റിയുടെ ആരോപണം.
ഷൊർണൂർ നിയോജകമണ്ഡലത്തിൽ നടന്ന വികസന പ്രവൃത്തികളുടെ അവലോകന യോഗത്തിൽ ഇക്കാര്യം ജലഅതോറിറ്റി അധികൃതർ വ്യക്തമാക്കുകയും ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഷൊർണൂർ നഗരസഭയുടെ നിലപാടും വാട്ടർ അതോറിറ്റിയുടെ തീരുമാനത്തെയും പി.കെ.ശശി എംഎൽഎ അവലോകനയോഗത്തിൽ ശക്തമായി അപലപിച്ചിരുന്നു.
സ്ഥലപരിശോധന നടത്തി പൈപ്പുലൈൻ സ്ഥാപിക്കാനുള്ള അനുമതി നല്കാൻ ഷൊർണൂർ നഗരസഭയോട് എംഎൽഎ നിർദ്ദേശിക്കുകയും ചെയ്തു. പുഴയിൽ വെള്ളമുണ്ടെങ്കിലും കുടിവെള്ളം വിതരണം ചെയ്യാൻ സംവിധാനമില്ലാത്ത സ്ഥിതിയാണ് ഷൊർണൂർ നഗരസഭയിലുള്ളത്.പദ്ധതിയുടെ നിർമാണം പൂർത്തിയാകുന്നതോടെ ഈ പ്രശ്നങ്ങൾക്ക് പരിഹാരമാകുമെന്നുള്ളതാണ് യാഥാർത്ഥ്യം.
വിതരണശൃംഖലയുടെ പോരായ്മകളും ഉദ്യോഗസ്ഥർ ചൂണ്ടിക്കാണിക്കുന്നു. ഇതിനായി പുതിയ പദ്ധതി തയാറായിട്ടുണ്ട്. എങ്കിലും അനുമതി ലഭിച്ചിട്ടില്ല. ഭാരതപ്പുഴയിൽ കടുത്ത വേനൽക്കാലത്തുപോലും വെള്ളം ലഭ്യമാകുന്ന സ്ഥിതി ഷൊർണൂരിലുണ്ട്.എന്നാലിത് ഫലപ്രദമായി ഉപയോഗിക്കാൻ ഷൊർണൂർ നഗരസഭയ്ക്ക് കഴിയാത്ത സ്ഥിതിയാണ്.
ഇതുകൊണ്ടുതന്നെ അകാലത്തിൽ തന്നെ ഷൊർണൂർ നഗരസഭയുടെ പരിസരപ്രദേശങ്ങൾ കടുത്ത വരൾച്ചയിലേക്കും കുടിവെള്ളക്ഷാമത്തിലേക്കും ഷൊർണൂരിനെ എത്തിക്കാറുണ്ട്.ഭാരതപ്പുഴയ്ക്ക് കുറുകെ ഷൊർണൂരിൽ പുതിയതായി തടയണ നിർമിച്ചിട്ടുണ്ട്. ഈ തടയണ ഷൊർണൂരിലെ കുടിവെള്ളക്ഷാമ പരിഹാരത്തിന് പ്രയോജനകരമാകുമെന്നുള്ളത് സത്യമാണ്.