വടക്കഞ്ചേരി: മിനിപന്പ എന്നറിയപ്പെടുന്ന മംഗലംപാലത്ത് തീർഥാടകർക്കായി താത്കാലിക ബയോ ടോയ്ലറ്റുകൾ സ്ഥാപിച്ചു. എട്ട് ടോയ്ലറ്റുകളും എട്ടു യൂറിനൽ കാബിനുകളുമാണ് മംഗലംപുഴയോരത്ത് ഇന്നുരാവിലെ മുതൽ ക്രമീകരിച്ചത്.
ഭാരതപുഴ പുനർജീവനത്തിന്റെ ഭാഗമായി നടന്നുവരുന്ന ചെറുപുഴകളുടെ സംരക്ഷണത്തിനാണ് പുഴ മലിനീകരണത്തിനെതിരേ ഇത്തരം ശുചിത്വസംവിധാനം നടപ്പിലാക്കുന്നതെന്ന് ഭാരതപ്പുഴ പുനർജീവന കോർകമ്മിറ്റി മെംബർ ഡോ. വാസുദേവൻ പിള്ള പറഞ്ഞു.
മകരവിളക്ക് കഴിയുന്നതുവരെ ഇവിടെ ഈ സംവിധാനമുണ്ടാകും. ടോയ്ലറ്റിലെ സെപ്്റ്റിക് ടാങ്ക് ഓരോദിവസവും ക്ലീൻ ചെയ്ത് വിസർജ്യം വളമാക്കി പുഴയോരത്തെ മുളങ്കാടുകൾക്കും ചെടികൾക്കുമായി ഉപയോഗിക്കും. പുഴയിൽനിന്നും ഒരു എച്ച്പിയുടെ മോട്ടോർ ഉപയോഗിച്ച് വെള്ളം ടോയ്ലറ്റുകളിലെ ടാങ്കുകളിൽ നിറയ്ക്കും.
ശുചിത്വമിഷൻ, ജില്ലാ പഞ്ചായത്ത്, വടക്കഞ്ചേരി ഗ്രാമപഞ്ചായത്ത് തുടങ്ങിയവയുടെ സഹകരണത്തോടെ ഏറ്റുമാനൂരിലെ റിലീഫ് എന്ന സ്വകാര്യ ഏജൻസിയാണ് ദിനംപ്രതി 2000 രൂപ വാടകയ്ക്ക് ഈ സംവിധാനം ഒരുക്കിയിട്ടുള്ളത്.
അതേസമയം തീർഥാടകരുടെ പുഴയോരത്തെ മലമൂത്ര വിസർജനംമൂലം പുഴ മലിനമാകുന്നതിനൊപ്പം വഴിനടക്കാൻ കഴിയാത്ത സ്ഥിതിയുമുണ്ട്. താത്കാലിക ടോയ്ലറ്റ് സംവിധാനം ഇതിനു പരിഹാരമാകുമോ എന്നു കണ്ടറിയണം.