പയ്യന്നൂര്‍: ജനജീവിതം ദുസഹമാക്കുകയും കര്‍ഷരുടെ നട്ടെല്ലൊടിക്കുകയും ചെയ്ത ഏഴിമലയിലെ വാനര സൈന്യത്തെ വെല്ലുവിളിച്ചു നടത്തിയ കപ്പകൃഷിയുടെ വിളവെടുപ്പില്‍ നൂറൂമേനി. രാമന്തളി പഞ്ചായത്ത് പ്രസിഡന്റ് എം.വി. ഗോവിന്ദനാണ് വിളവെടുപ്പ് ഉദ്ഘാടനം ചെയ്തത്.
കുരങ്ങു കൂട്ടത്തിന്റെ ആക്രമണത്തില്‍ ഒരുതേങ്ങപോലും കിട്ടാതായതോടെ തടം തുറക്കലിനും വളപ്രയോഗങ്ങള്‍ക്കും നാട്ടുകാര്‍ തയാകാതെ വന്നതിനാല്‍ പഞ്ചായത്തിലെ തെങ്ങുകൃഷി നാമാവശേഷമായിരുന്നു. കുരങ്ങളുടെ ആക്രമണം വീടുകള്‍ക്കു നേരെ തിരിഞ്ഞതോടെ കൊച്ചു കുട്ടികളെ വീടിന് പുറത്തിറക്കാന്‍ പോലും രക്ഷിതാക്കള്‍ക്ക് ഭയമായി. സമൃദ്ധമായി വാഴകൃഷി നടത്തിയിരുന്ന ഈ പ്രദേശങ്ങളിലെ ജനങ്ങള്‍ കുരങ്ങുശല്യം സഹിക്കാനാവാതെ അതിനോടും വിടപറഞ്ഞു.
രാമന്തളിയില്‍ കുരങ്ങുവേണോ മനുഷ്യര്‍ വേണോയെന്ന ജനങ്ങളുടെ ചോദ്യത്തിന് മുന്നില്‍ അധികൃതര്‍ മൗനം പാലിച്ചപ്പോഴാണു ജനജീവിതം ദുസഹമാക്കിയ വാനരശല്യത്തെ വെല്ലുവിളിച്ച് കൃഷി നടത്തുവാന്‍ പരത്തിക്കാട്ടെ 11 പേരടങ്ങുന്ന സഞ്ജീവനി പുരുഷ സ്വാശ്രയ സംഘം മുന്നോട്ടുവന്നത്. ഇക്കാര്യം രാഷ്ട്രദീപിക പ്രസിദ്ധീകരിച്ചിരുന്നു. സ്വകാര്യ വ്യക്തികളോട് കൃഷിക്കുള്ള സ്ഥലം വ്യവസ്ഥകളുടെ അടിസ്ഥാനത്തില്‍ വാങ്ങിയായിരുന്നു ഒന്നര ഏക്കര്‍ സ്ഥലത്ത് ഇവര്‍ കപ്പകൃഷിയിറക്കിയത്. കപ്പകൃഷിക്ക് നേരെ കുരങ്ങുകളുടെ ആക്രമണം കുറഞ്ഞിരിക്കുമെന്ന ചിന്തയിലാണ് കപ്പകൃഷി തുടങ്ങിയത്.
കൃഷിസ്ഥലത്തിനു ചുറ്റും വലകെട്ടിയിട്ടും ഫലമില്ലാതെ വന്നപ്പോള്‍ സമീപത്തെ വീടുകളില്‍നിന്നും ശേഖരിച്ച നൂറുകണക്കിനു സാരികള്‍കൊണ്ട് കൃഷി സ്ഥലത്തിനു ചുറ്റും വേലികെട്ടി. പോരാത്തതിന് കൃഷി സ്ഥലത്തിന് നടുവിലായി പന്ത്രണ്ടടി ഉയരത്തില്‍ ഏറുമാടമുണ്ടാക്കി ഒരാള്‍ വീതം മാറിമാറി ദിവസവും കാവലുമായി. മറ്റുജോലികള്ക്കു പോയിരുന്നവരാണ് വെല്ലുവിളിയോട കാവല്‍ ദൗത്യം ഏറ്റെടുത്തിരുന്നത്.
വാനരസൈന്യത്തെ കൂട്ടായ്മയിലൂടെ തോല്‍പ്പിച്ചതിന്റെ വിജയഗാഥയുമായാണ് കപ്പകൃഷിയുടെ വിളവെടുപ്പ് നടത്തിയത്. കൂടുതല്‍ വ്യാപകമായി അടുത്ത കൃഷിയിറക്കാനുള്ള സ്ഥലവും ഇതിനകം ഇവര്‍ സംഘടിപ്പിച്ചു കഴിഞ്ഞു.കപ്പകൃഷിക്ക് പുറമെ ഇഞ്ചി, മഞ്ഞള്‍, ചേമ്പ്, ചേന എന്നവയുടെ കൃഷികൂടി അടുത്ത ഘട്ടത്തിലുണ്ടാകും. കുരങ്ങുശല്യത്താല്‍ ജീവിതം പൊറുതി മുട്ടിയ ജനതയുടെ ഒരു പ്രതിഷേധം കൂടിയാണ് ഈ കൃഷിയെന്നും അധികൃതര്‍ ഇനിയെങ്കിലും കണ്ണുതുറക്കണമെന്നുമാണ് എം. ചന്ദ്രന് പ്രസിഡന്റും പള്ളിക്കോല്‍ പ്രശാന്ത് സെക്രട്ടറിയുമായുള്ള സംഘത്തിന് പറയാനുള്ളത്.