എല്ലാവരും ആറുമണിക്കൂര്‍ തീര്‍ച്ചയായും ഉറങ്ങണം! ജോലി സമയത്ത് ആരെയും മദ്യത്തിലും ലഹരിയിലും കാണരുത്; അണിയറ പ്രവര്‍ത്തകര്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കുന്ന ദിലീഷ് പോത്തന്‍; വീഡിയോ വൈറല്‍

അടുത്തിടെ മലയാള സിനിമയ്ക്ക് ലഭിച്ചിട്ടുള്ള അംഗീകാരങ്ങളില്‍ നല്ലൊരു ശതമാനവും സംവിധായകനും നടനുമായ ദിലീഷ് പോത്തന്റെ വകയായിട്ടുള്ളതാണ്. മഹേഷിന്റെ പ്രതികാരം, തൊണ്ടിമുതലും ദൃക്‌സാക്ഷിയും തുടങ്ങിയ ചിത്രങ്ങളിലൂടെ ദിലീഷ് പോത്തന്‍ എന്ന സംവിധായകന്റെ കഴിവും പ്രതിഭയും മലയാളികള്‍ ആവോളം അംഗീകരിക്കുകയും ആസ്വദിക്കുകയും ചെയ്തതുമാണ്.

ദിലീഷ് പോത്തന്റെ സിനിമപിടുത്തത്തിന് അംഗീകാരമായി, പോത്തേട്ടന്‍ ബ്രില്ല്യന്‍സ് എന്നൊരു ചൊല്ല് തന്നെ സിനിമാസ്വാദകര്‍ നല്‍കുകയും ഉണ്ടായി. ദിലീഷ് പോത്തന്‍ ചെയ്യുന്ന ഓരോ സിനിമയും ഒന്നിനൊന്ന് മെച്ചമാകുന്നതിന്റെ പിന്നിലെ രഹസ്യമെന്തെന്ന് അന്വേഷിച്ചിരുന്നവര്‍ക്ക് ഇപ്പോള്‍ ഒരുത്തരം കിട്ടിയിരിക്കുകയാണ്.

ദിലീഷ് നിര്‍മിക്കുന്ന കുമ്പളങ്ങി നൈറ്റ്‌സ് എന്ന പുതിയ ചിത്രത്തിന്റെ ലൊക്കേഷനില്‍ ഷൂട്ടിംഗ് തുടങ്ങുന്നതിന് മുമ്പായി ചിത്രത്തിലെ അണിയറ പ്രവര്‍ത്തകര്‍ക്ക് ദിലീഷ് നല്‍കുന്ന നിര്‍ദേശങ്ങളുടെ വീഡിയായാണത്. അത് കേട്ടാല്‍ മനസിലാവും എന്തുകൊണ്ട് ദിലീഷ് മികച്ച സംവിധായകനായും നടനായും തിളങ്ങുന്നു എന്നത് എന്നാണ് അദ്ദേഹത്തിന്റെ ആരാധകര്‍ പറയുന്നത്.

ദിലീഷ് പറയുന്ന പ്രധാന കാര്യങ്ങള്‍ ഇവയൊക്കെ…

ഒരുപാട് കാര്യങ്ങള്‍ ഒന്നിച്ച് കൊണ്ടുപോവാനുള്ളത് കൊണ്ട് തന്നെ ടീം സ്പിരിറ്റ് നിര്‍ബന്ധമാണ്. നിങ്ങള്‍ക്കുണ്ടാവുന്ന പ്രശ്നങ്ങള്‍ നമ്മളോട് തുറന്നുപറയാം. ജോലിയുടെ ഭാഗമായി വഴക്ക് പറയേണ്ടി വന്നാല്‍ അതിനെയൊക്കെ ആ സ്പിരിറ്റില്‍ എടുക്കണം. ആ പ്രഷര്‍ ടൈം കഴിയുമ്പോള്‍ പഴയ സൗഹൃദത്തിലേക്ക് തിരിച്ചുവരണം. അപ്പോഴേ പരിപാടി ഉഷാര്‍ ആകാന്‍ പറ്റു.

അറുപത് ദിവസത്തെ ഷെഡ്യൂള്‍ ആണിത്. കുറച്ചു ദിവസം കഴിയുമ്പോള്‍ സ്വാഭാവികമായും ബോറടിക്കാന്‍ തുടങ്ങും. പാര്‍ട്ടികളൊക്കെ ഉണ്ടാകാന്‍ സാധ്യതയുണ്ട്. കള്ളുകുടിയും വെള്ളമടിയും നടത്തുന്നതിന് കുഴപ്പമില്ല, അത് ഡിപ്പാര്‍ട്ട്മെന്റിന് അകത്താകാന്‍ ശ്രദ്ധിക്കുക. കിടക്കാന്‍ നേരം അവനവന്റെ മുറിയിലിരുന്ന് അടിച്ചിട്ടു കിടക്കുന്നതാണ് നല്ലത്.

രണ്ടോ മൂന്നോ പേര്‍ കൂടിയിരുന്ന് കഴിച്ചാലും കുഴപ്പമില്ല, കഴിവതും ഒഴിവാക്കുക, റെഗുലറാക്കാതിരിക്കാന്‍ ശ്രമിക്കുക. മറ്റു ഡിപ്പാര്‍ട്ട്മെന്റുകളുമായി ചേര്‍ന്നുള്ള കള്ളുകുടി കമ്പനികളില്‍നിന്നും ബുദ്ധിപൂര്‍വ്വവും സ്മാര്‍ട്ടായും നിങ്ങള്‍ അത് ഒഴിവാകുമെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു. ഷൂട്ടിന് ശേഷം നമുക്ക് പൊളിക്കാം. നമ്മള്‍ ഒരു ബേസിക് ടീം ആണ്. ചില ലിമിറ്റേഷന്‍സ് ഉണ്ടാകണം. പ്രവൃത്തിസമയത്ത് മദ്യത്തിലോ ലഹരിയിലോ ആരേയും കാണാനിടയാകരുത്. ലേറ്റ് നൈറ്റ് ഡിസ്‌കഷന്‍സ് ഒഴിവാക്കുക.

മിനിമം ആറു മണിക്കൂറെങ്കിലും ഉറങ്ങുന്നുണ്ടെന്ന് ഉറപ്പു വരുത്തുക. എല്ലാവരും ഈ 60 ദിവസം കഴിഞ്ഞും ഹെല്‍ത്തി ആയിട്ടിരിക്കേണ്ട ആവശ്യം നമുക്കുണ്ട്. ഒരാളും ക്ഷീണിതരാകരുത്. ആറു മണിക്കൂര്‍ ഉറങ്ങാനുള്ള സമയം തന്നിട്ടേ അടുത്ത ദിവസം ഷൂട്ട് തുടങ്ങൂ. എല്ലാവരുടെയും ആരോഗ്യം സൂക്ഷിക്കണം. ജലദോഷം, പനി തുടങ്ങിയ അസുഖങ്ങള്‍ വരുമ്പോള്‍ കൃത്യമായി മരുന്ന് കഴിക്കുക. രോഗങ്ങളെ സയന്റിഫിക്കായി സമീപിക്കുക.

 

Related posts