നിയാസ് മുസ്തഫ
‘എത്ര വലിയ സമ്മർദത്തിന്റെ നടുവിലാണ് ഞാൻ കർണാടക ഭരിക്കുന്നതെന്ന് നിങ്ങൾക്ക് അറിയുമോ, എന്നെ കോൺഗ്രസ് അവരുടെ ഒരു ക്ലാർക്കിനെപ്പോലെയാണ് കാണുന്നത്, മുഖ്യമന്ത്രി എന്ന പരിഗണന അവർ തരുന്നില്ല, എല്ലാ കാര്യങ്ങളും അവരോട് ആലോചിച്ചാണ് ഞാൻ ചെയ്യുന്നത്. ചില കാര്യങ്ങളൊക്കെ ഇഷ്ടമില്ലാതിരുന്നിട്ടും എനിക്കു ചെയ്യേണ്ടി വരുന്നു. ബോർഡുകളിലും കോർപ്പറേഷനുകളിലുമൊക്കെ ഉള്ള പ്രധാന തസ്തികകളിലെല്ലാം എന്നോട് ചോദിക്കാതെ അവർ അവരുടെ ആളുകളെ നിയമിക്കുന്നു’- ജെഡിഎസ് എംഎൽഎമാരുടെ യോഗത്തിൽ കർണാടക മുഖ്യമന്ത്രി കുമാരസ്വാമി വികാരാധീനനായി പറഞ്ഞ വാക്കുകളാണിത്.
ഏറ്റവും വലിയ ഒറ്റക്കക്ഷി ആയിട്ടും കർണാടകയിൽ ഭരണം പിടിക്കാൻ കഴിയാതെ പോയതിന്റെ നിരാശയിൽ കഴിയുന്ന ബിജെപിക്ക് ഈ വാക്കുകൾ നൽകുന്ന ആത്മവിശ്വാസം ചെറുതല്ല. പക്ഷേ ഇപ്പോൾ എടുത്തു ചാടേണ്ടതില്ലായെന്ന നിർദേശമാണ് സംസ്ഥാന നേതൃത്വത്തിന് ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ നൽകിയിരിക്കുന്നത്. നമ്മളായിട്ട് ഒന്നും ചെയ്യേണ്ട, അവരായിട്ട് അവരുടെ സഖ്യം പൊളിച്ചടുക്കി നമുക്ക് വഴിയൊരുക്കി തന്നോളും.
തൽക്കാലം സംസ്ഥാന ഭരണം അവിടെ നിൽക്കട്ടെ, ലോക്സഭാ തെരഞ്ഞെടുപ്പ് നമുക്ക് ശ്രദ്ധിക്കാം-ഇതാണ് ബിജെപിയുടെ നിലപാട്.ബിജെപിയെ ഒഴിവാക്കാനാണ് കോൺഗ്രസ് കർണാടകയിൽ ജെഡിഎസിന് പിന്തുണ നൽകിയത്. ഭരണം തുടങ്ങിയ ആദ്യ നാളുകളിൽ തന്നെ കോൺഗ്രസും ജെഡിഎസും തമ്മിൽ അഭിപ്രായ ഭിന്നതയുള്ളതായി റിപ്പോർട്ടുകൾ വന്നിരുന്നു.
അപ്പോഴൊക്കെ ഭരണപക്ഷ നേതാക്കളെല്ലാം ഇത് നിഷേധിക്കുകയാണ് ചെയ്തത്. എന്നാൽ കുമാരസ്വാമി തന്നെ അവരുടെ പാർട്ടി യോഗത്തിലാണെങ്കിൽ കൂടിയും കോൺഗ്രസിന്റെ വല്യേട്ടൻ മനോഭാവത്തെ കുറിച്ച് പറഞ്ഞപ്പോൾ കോൺഗ്രസ്-ജെഡിഎസ് സഖ്യത്തിലെ ഭിന്നത മറനീക്കി പുറത്തുവന്നിരിക്കുകയാണ്.നമുക്ക് അല്പം കൂടി ക്ഷമിക്കാം, ലോക്സഭാ തെരഞ്ഞെടുപ്പ് കഴിയുന്നതുവരെ സഖ്യത്തിന് വിള്ളലുണ്ടാവാതെ നോക്കാം, തെരഞ്ഞെടുപ്പ് കഴിയട്ടെ, അതു കഴിഞ്ഞ് നമുക്ക് ഈ വിഷയം ചർച്ച ചെയ്യാം-ഇതാണ് കുമാരസ്വാമിയുടെ പിതാവും ജെഡിഎസ് അധ്യക്ഷനുമായ എച്ച് ഡി ദേവഗൗഡയുടെ നിലപാട്.
ഇനി സഖ്യത്തിനു മുന്നിലെ പ്രധാന വെല്ലുവിളി ലോക്സഭാ തെരഞ്ഞെടുപ്പിലെ സീറ്റു വിഭജനമാണ്. 28 ലോക്സഭാ സീറ്റുണ്ട് കർണാടകയിൽ. ഇതിൽ 12 സീറ്റ് വേണമെന്നാണ് ജെഡിഎസിന്റെ ആവശ്യം. പക്ഷേ കോൺഗ്രസ് പറയുന്നത് ആറു സീറ്റ് നൽകാമെന്നാണ്. കുറഞ്ഞപക്ഷം പത്തു സീറ്റെങ്കിലും തരണമെന്ന കാര്യത്തിൽ വിട്ടുവീഴ്ചയ്ക്കില്ലായെന്ന് ജെഡിഎസ് അവസാനമായി പറഞ്ഞിരിക്കുന്നു. അല്ലാത്തപക്ഷം ഒറ്റയ്ക്കു മത്സരിക്കുമെന്നാണ് ജെഡിഎസ് പക്ഷം.
നിയമസഭാ തെരഞ്ഞെടുപ്പിലും കോൺഗ്രസും ജെഡിഎസും വേറിട്ടായിരുന്നു മത്സരിച്ചിരുന്നത്. തെരഞ്ഞെടുപ്പിനു ശേഷമാണ് സഖ്യത്തിലായത്. ആ നില ലോക്സഭാ തെരഞ്ഞെടുപ്പിലും തുടരാമെന്നാണ് ജെഡിഎസ് പറയുന്നത്. എന്നാൽ ബിജെപിക്കെതിരേ വിശാല പ്രതിപക്ഷ നിര കെട്ടിപ്പൊക്കാൻ കോൺഗ്രസ് ശ്രമിച്ചുകൊണ്ടിരിക്കുന്പോൾ കർണാടകയിൽ ജെഡിഎസിനെ പിണക്കുന്നത് ശരിയല്ലെന്നാണ് കോൺഗ്രസ് ദേശീയ നേതൃത്വത്തിന്റെ വീക്ഷണം.
അതുകൊണ്ടു തന്നെ സംസ്ഥാന ഭരണത്തിലെ അമിതമായ കോൺഗ്രസ് ഇടപെടൽ, സീറ്റു വിഭജനം തുടങ്ങിയ കീറാമുട്ടി പ്രശ്നങ്ങൾ പരിഹരിക്കാൻ രാഹുൽ ഗാന്ധിക്ക് കർണാടകയിൽ ഇടപെടേണ്ടി വരും. ദേവഗൗഡയുമായി രാഹുൽ ഗാന്ധി ഉടൻ ചർച്ച നടത്തുമെന്ന് തന്നെയാണ് പുറത്തുവരുന്ന വിവരം.