കണ്ണൂർ: ചാലക്കുന്നിൽ ബസും കണ്ടെയ്നർ ലോറിയും കൂട്ടിയിടിച്ച് 22 പേർക്ക് പരിക്ക്. ഇന്നു രാവിലെ എട്ടോടെയായിരുന്നു അപകടം. കണ്ണൂരിൽനിന്ന് കൂത്ത്പറമ്പിലേക്ക് പോകുകയായിരുന്ന അശ്വതി ബസും തലശേരിയിൽനിന്ന് വരികയായിരുന്ന കണ്ടെയ്നർ ലോറിയുമാണ് കൂട്ടിയിടിച്ചത്.
അപകടത്തിൽ ബസിന്റെയും ലോറിയുടെയും മുൻവശം പൂർണമായും തകർന്നു. അപകടത്തെ തുടർന്ന് ഒന്നരമണിക്കൂറോളം ദേശീയപാതയിൽ ഗതാഗതം സ്തംഭിച്ചു. അപകടത്തെ തുടർന്ന് കുടുങ്ങിയ ലോറി ഡ്രൈവറെ അരമണിക്കൂർ ശ്രമത്തിനൊടുവിലാണ് പുറത്തെടുത്തത്. അയ്യപ്പഭക്തന്മാരാണ് ഇയാളെ പുറത്തെടുത്തത്.
ഇയാളുടെനില ഗുരുതരമാണ്. പരിക്കേറ്റ ബസ് യാത്രികരെ കണ്ണൂരിലെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. രാമതെരുവിലെ അനിത (53), ഗിരിജ (62), ജിതിൻ (33), സുലോചന (76), കൂത്തുപറന്പിലെ വസന്ത (52), മയ്യിലിലെ സ്വാതി കൃഷ്ണ (16), സന്ധ്യ (42), തോട്ടടയിലെ മംഗള (37), പുഴാതിയിലെ മനോജ് (43) എന്നിവരെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അപകടത്തെ തുടർന്ന് കോയ്യോടുവഴിയും താഴെചൊവ്വ നടാൽ ഗേറ്റ് വഴിയുമാണ് വഴിതിരിച്ചുവിട്ടത്. അപകടത്തിൽപ്പെട്ട വാഹനങ്ങൾ നീക്കം ചെയ്തതിനുശേഷം ഗതാഗതം പുനഃസ്ഥാപിച്ചു. ഫയർസ്റ്റേഷൻ ഓഫീസർ ഇൻചാർജ് ടി. അജയൻ, ലീഡിംഗ് ഫയർമാൻ കെ.കെ. ദിലീഷ്, കേരള എമർജൻസി ടീം, എടക്കാട് പോലീസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനം.