പത്തനംതിട്ട: ലക്ഷങ്ങൾ ചെലവഴിച്ചു തെരുവുനായ വന്ധ്യംകരണം പദ്ധതി നടപ്പാക്കിയെങ്കിലും ഫലമുണ്ടായില്ല. ഗ്രാമപഞ്ചായത്തുകളിലും നഗരപ്രദേശങ്ങളിലും നായ്ക്കൾ വിഹരിക്കുന്നു. പത്തനംതിട്ട നഗരത്തിൽ ജില്ലാ സ്റ്റേഡിയത്തിലെ നായ്ക്കളെ ഒഴിപ്പിച്ചശേഷം 26നു നടക്കുന്ന റിപ്പബ്ലിക്ദിന പരേഡിനും മുന്നൊരുക്കങ്ങൾക്കും സൗകര്യമൊരുക്കേണ്ട സ്ഥിതിയിലാണ് അധികൃതർ.
മൃഗസംരക്ഷണ വകുപ്പിന്റെ നേരിട്ടുള്ള ഉത്തരവാദിത്വത്തിലും പിന്നീട് കുടുംബശ്രീ മിഷൻ മുഖേനയുമാണ് ജില്ലയിൽ തെരുവുനായ്ക്കളുടെ വന്ധ്യംകരണ പരിപാടി നടത്തിയത്. വന്ധ്യംകരണത്തിനു വിധേയരായ നായ്ക്കളെ നിശ്ചിതസ്ഥലത്തുതന്നെ കൊണ്ടുവിടുകയായിരുന്നു. ഇവയാകട്ടെ അവിടെ ശല്യമുണ്ടാക്കാൻ തുടങ്ങി. പത്തനംതിട്ട റിംഗ് റോഡ്, സ്റ്റേഡിയം പരിസരം എന്നിവിടങ്ങളിലാണ് നായ്ക്കളുടെ ശല്യമേറെയുള്ളത്.
ജില്ലാ സ്റ്റേഡിയത്തോടു ചേർന്ന പ്രദേശങ്ങളാണ് ഇവയുടെ താവളം. ജില്ലയിൽ മൃഗസംരക്ഷണ വകുപ്പിന്റെ സഹകരണത്തോടെയാണ് നിർവഹണ ഏജൻസിയായ കുടുംബശ്രീ ജില്ലാ മിഷൻ വന്ധ്യംകരണം പരിപാടി നടപ്പാക്കുന്നത്. ഗ്രാമപഞ്ചായത്തുകളാണ് നിലവിൽ പദ്ധതിയിലേക്കു പണം നീക്കിവയ്ക്കുന്നത്.
തെരുവുനായ്ക്കളെ പിടികൂടുന്നതിലേക്ക് വൈദഗ്ധ്യം നേടിയവരെ സംഘടിപ്പിച്ച് ഇവയെ പിടികൂടി വന്ധ്യംകരണ കേന്ദ്രങ്ങളിൽ എത്തിക്കുകയായിരുന്നു. വിദഗ്ധരായ ഡോക്ടർമാരുടെ സേവനത്തോടെ മൃഗസംരക്ഷണവകുപ്പ് പ്രത്യേക കേന്ദ്രങ്ങൾ തുറന്നാണ് നായ്ക്കളിൽ വന്ധ്യംകരണ ശസ്ത്രക്രിയ നടത്തിയത്.
വന്ധ്യംകരണത്തിനു വിധേയരായ നായ്ക്കൾ റോഡുകളിലേക്കു വീണ്ടും എത്തപ്പെട്ടതിനൊപ്പം പല സ്ഥലങ്ങളിൽ നിന്നും ഉപേക്ഷിക്കപ്പെട്ടതും കഴിഞ്ഞ വെള്ളപ്പൊക്ക കാലത്ത് അലഞ്ഞുതിരിഞ്ഞെത്തിയതുമായ നായ്ക്കളും തെരുവുകളിൽ അഭയം കണ്ടു. ഇവയുടെ എല്ലാം ശല്യം പൊതുനിരത്തുകൾക്ക് ഭാരമായി തുടങ്ങി.
കാൽനട യാത്രക്കാരും വിദ്യാർഥികളുമാണ് ഇതുമൂലം ഏറെ ബുദ്ധിമുട്ടുന്നുണ്ട്. പത്തനംതിട്ട നഗരസഭ ബസ് സ്റ്റാൻഡ് പരിസരത്തുപോലും നായ്ക്കളുടെ ശല്യം രൂക്ഷമാണ്.