കയ്പമംഗലം: ആഴക്കടൽ മത്സ്യ ബന്ധനത്തിന് മത്സ്യത്തൊഴിലാളികളെ പ്രാപ്തരാക്കാനായി സർക്കാർ പദ്ധതി ആവിഷ്ക്കരിക്കുമെന്ന് ഫിഷറീസ്, ഹാർബർ വകുപ്പ് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ പറഞ്ഞു.അഴീക്കോട് മേഖല ചെമ്മീൻ വിത്തുൽപ്പാദക കേന്ദ്രത്തിൽ നടന്ന ചടങ്ങിൽ സാഫ് തീരമൈത്രി ഗുണഭോക്തൃ സംഗമവും, ഫിഷറീസ് സ്റ്റേഷൻ, ജലകൃഷി പരിശീലന കേന്ദ്രം എന്നിവയുടെ ഉദ്ഘാടനവും നിർവഹിച്ചു സംസാരിക്കുകയായിരുന്നു ഫിഷറീസ് മന്ത്രി.
ആഴക്കടൽ മത്സ്യബന്ധനത്തിനായി മത്സ്യതൊഴിലാളികൾക്ക് ആധുനിക സാങ്കേതിക വിദ്യയും പശ്ചാത്തല സൗകര്യവും സർക്കാർ ഒരുക്കും. മത്സ്യതൊഴിലാളി സഹകരണ സംഘങ്ങൾ മുഖേനയായിരിക്കും പദ്ധതി മുന്നോട്ടു കൊണ്ടു പോകുക. പദ്ധതി നിർവ്വഹണത്തിനായി സബ്സിഡി ഉൾപ്പെടെയുള്ള സഹായങ്ങൾ സംസ്ഥാന സർക്കാർ നൽകും. 36 ബോട്ടുകളാണ് പരീക്ഷണ അടിസ്ഥാനത്തിൽ കടലിൽ ഇറക്കുക.
തൊഴിലാളികളുടെ സുരക്ഷ ഉറപ്പാകിയാകും ആഴക്കടൽ മത്സ്യ ബന്ധനം നടത്തുക. പദ്ധതി നിർവ്വഹക്കത്തിന് കേന്ദ്രത്തിന്റെ സഹകരണം തേടിയിട്ടുണ്ട്.മത്സ്യ ബന്ധന തൊഴിലാളികളുടെ സുരക്ഷയും മത്സ്യ സന്പത്തിന്റെ സംരക്ഷണം, തീരദേശത്തിന്റെ സംരക്ഷണം എന്നിവ സർക്കാറിന്റെ പ്രഥമ ലക്ഷ്യങ്ങളാണെന്നും മന്ത്രി പറഞ്ഞു.
മത്സ്യ ബന്ധന തൊഴിലാളികളുടെ സുരക്ഷ ലക്ഷ്യമിട്ട് 18 കോടി രൂപ ചിലവിൽ സംസ്ഥാനത്ത് മൂന്ന് മറൈൻ ആംബുലൻസുകൾ സ്ഥാപിക്കുമെന്നും മന്ത്രി പറഞ്ഞു.ഇ.ടി.ടൈസണ് മാസ്റ്റർ എം എൽ എ അധ്യക്ഷത വഹിച്ചു. ഫിഷറീസ് ജോയിന്റ് ഡയറക്ടർ എൻ.എസ്.ശ്രീലു, പഞ്ചായത്ത് പ്രസിഡന്റ് പ്രസാദിനി മോഹനൻ, ജനപ്രതിനിധികളായ ഇ.കെ.മല്ലിക നൗഷാദ് കൈതവളപ്പിൽ, സീന അഷറഫ്, പി.എം.അബ്ദുള്ള, പ്രസീന റാഫി, ഫിഷറീസ് മധ്യമേഖല ജോയിൻറ് ഡയറക്ടർ എം.എസ്.സാജു, പി.വി.മോഹനൻ, സി.കെ.മജീദ്, പി.എ.കരുണാകരൻ തുടങ്ങിവയവർ സംസാരിച്ചു.