നെന്മാറ: നെന്മാറയിലെ യാത്രാക്കുരുക്കഴിക്കാൻ പോത്തുണ്ടി കനാൽ ബണ്ട് റോഡ് യാഥാർത്ഥ്യമാക്കണമെന്ന ആവശ്യം ശക്തമായി. ഗതാഗതക്കുരുക്കിന് പരിഹാരമായി ബദൽപാത വേണമെന്ന ആവശ്യം നെന്മാറയിൽ ഇനിയും നടപ്പിലായില്ല. മംഗലം-ഗോവിന്ദാപുരം സംസ്ഥാനപാതയിലെ പ്രധാന കവലയായിട്ടു കൂടിയാണ് പരിഹാര നടപടികൾ ഉണ്ടാവാത്തത്.
രണ്ടു വർഷംമുന്പ് പ്രഖ്യാപിച്ച നെന്മാറ ബൈപാസിന്റെ പ്രാരംഭ നടപടികൾ പോലും ഇനിയുമായില്ല. ഹയർ സെക്കൻഡറി സ്കൂളുകൾ ഉൾപ്പെടെ 13 വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് നെന്മാറയിലുള്ളത്. രാവിലെയും വൈകുന്നേരവും സ്കൂൾ വിടുന്ന സമയത്താണ് കൂടുതലും ഗതാഗതക്കുരുക്കുണ്ടാകുന്നത്.
ഈ സമയത്ത് കാൽനടയാത്രപോലും ദുരിതത്തിലാണ്. നെന്മാറ മുക്കുമുതൽ വല്ലങ്ങി ബൈപ്പാസ് വരെയാണ് കൂടുതലും യാത്രാദുരിതമാകുന്നത്.എന്നാൽ കവലയോട് ചേർന്നുള്ള പോത്തുണ്ടി ജലസേചന കനാൽ ബണ്ട് റോഡ് ടാറിംഗ് നടത്തി ഗതാഗതയോഗ്യമാക്കിയാൽ വിദ്യാർഥികൾക്കും ചെറുവാഹനങ്ങൾക്കും ഇതിലൂടെ കടന്നുപോകാൻ കഴിയും.
അയിനംപാടം മുതൽ നെന്മാറ ക്രിസ്തുരാജാ ദേവാലയത്തിനു പിറകിലൂടെ ബസ് സ്റ്റാൻഡിന്റെ വശത്ത് വന്നുചേരുന്ന രണ്ടര കിലോമീറ്റർ ദൂരത്തിലുള്ള കനാലിൽ ഇപ്പോൾ മണ്‍പാത മാത്രമാണുള്ളത്. മണ്‍പാത ടാറിംഗ് നടത്തികുരുക്ക് പരിഹരിക്കാനുള്ള നടപടിയുണ്ടാകണമെന്നാവശ്യം ശക്തമാണ്.