കോഴിക്കോട്: കോഴിക്കോടിനെ രാജ്യത്തിന്റെ ശ്രദ്ധയകര്ഷിക്കുന്ന ശില്‍പ്പങ്ങളുടെ നഗരമാക്കാന്‍ ആവിഷ്ക്കരിച്ച ശില്‍പ്പനഗരം പദ്ധതി അവതാളത്തില്‍.ആദ്യഘട്ടത്തില്‍ സ്ഥാപിച്ച ശില്പങ്ങളുടെ പരിപാലനവും സംരക്ഷണവും ഏറ്റെടുക്കാന്‍ പോലും ശ്രമിക്കാത്ത അവസ്ഥയാണുള്ളത്. 12 ശില്പ്പങ്ങള് സ്ഥാപിക്കപ്പെട്ട ആദ്യ ഘട്ടത്തോടെ നിലച്ചു പോയ പദ്ധതി തീര്‍ത്തും അവഗണിക്കപ്പെടുകയായിരുന്നു.
2012 ജൂണ്‍ മാസമാണ് അന്നത്തെ മുഖ്യമന്ത്രിയായ ഉമ്മന്‍ ചാണ്ടി കോഴിക്കോടിനെ ശില്‍പ്പ നഗരമായ് പ്രഖ്യാപിച്ചത്. ഒഡീഷയിലെ ശില്പി അദ്വൈത് ഗഡനായിക് പൂര്‍ത്തിയാക്കിയ 36 അടി നീളവും ഏഴടി പൊക്കവുമുളള റിമമ്പറന്‍സ് എന്ന ശില്‍പ്പ മാതൃക അനാവരണം ചെയ്തു കൊണ്ടാണ് മുഖ്യമന്ത്രി ശില്‍പ്പ നഗരം പ്രഖ്യാപനം നടത്തിയത്.
ഒരു മാസത്തോളം മലാപറമ്പ് എ ഡി എം ബംഗ്ലാവില്‍ രാജ്യത്തിനകത്തും പുറത്തുനിന്നുമുള്ള ശില്‍പ്പികള്‍ ക്യാമ്പ് ചെയ്താണ് നഗരത്തില്‍ വിവിധയിടങ്ങളില്‍ സ്ഥാപിക്കാനുള്ള ശില്പ്പങ്ങള് തയാറാക്കിയത്. കേരള ലളിത കലാ അക്കാദമിയും ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക് റിലേഷന്‍ വകുപ്പും ഡിറ്റിപിസിയും സംയുക്തമായാണ് അന്ന് പദ്ധതി ഒരുക്കിയത്.
നഗരഹൃദയമായ മാനാഞ്ചിറയില്‍ പ്രശസ്ത ശില്പി കെ.എസ്. രാധാകൃഷ്ണന്റെ ഇരുപത്തി അഞ്ചടി ഉയരമുള്ള ടൈംടൈഡ്സ് (കാല പ്രവാഹം ) , വി.കെ. രാജന്റെ 24 അടിഉയരമുള്ള റിഥമിക് സൈലന്‍സ് ,പ്ലാച്ചിമടയിലെ ജലചൂഷണം പ്രമേയമാക്കി ജോസ് മാത്യു തീര്‍ത്ത മഴ വിളക്ക്. പി ഇ ഹോചിമിന്റെ അപരന്. കോഴിക്കോടന്‍ മിത്തുകളായ എതിര്പോക്കിനേയും ഒറ്റ മുലച്ചിയേയും ആസ്പദമാക്കി ജോസഫ് എം വര്‍ഗീസ് കൊത്തിയെടുത്ത ദ ഫയര്‍.
നാഗരിതക്കെതിരെ ആക്ഷേപ ഹാസ്യമായി പ്രദീപ് കാമ്പത്തളിയുടെ ഒടുക്കത്തിന്റെ തുടക്കം എന്നിവയാണ് കോഴിക്കോട് കടപ്പുറത്ത സ്ഥാപിച്ച ശില്പ്പങ്ങള് . ഭട്ട് റോഡ് ബീച്ചില്‍ സെരവ് ജാനിയുടെ ജ്യാമിതീയ ചിഹ്നങ്ങളിലൂടെ പുരുഷനേയും പ്രകൃതിയേയും ആവിഷ്കരിക്കുന്ന പുരുഷ് ഓര് പ്രകൃതി . സരോവരത്ത് കെ.പി. സോമന്റെ ലൈറ്റ് ഹൗസ് കോഴിക്കോടന്‍ കടല്‍ വാണിജ്യത്തെ ചിത്രീകരിച്ചനന്ദു ബിഹാരി, ദ ട്രയംഫ്. രാജേന്ദ്ര ടിക്കുവിന്റെ ദി സാംഗ്ച്വറി ഓഫ് എ ടാറ്റ് . എസ്കെ സാംസ്ക്കാരിക നിലയത്തിലെ ത്രിപുരക്കാരിയായ ദീപിക.
സ്ത്രീ ശാക്തീകരണത്തെ കുറിച്ച് നിര്‍മിച്ച ദ മദര്‍ എന്നിവയാണ് കോഴിക്കോട് നഗരത്തിലെ പ്രധാന ശില്പങ്ങള് . ഒരു മാസം കൊണ്ട് മലാപറമ്പില്‍ നടന്ന ശില്പികളുടെ ദേശീയ ക്യാമ്പില്‍ രൂപം കൊണ്ട 12 ശില്‍പ്പങ്ങളാണ് നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായ് അന്ന് സ്ഥാപിച്ചത്. രണ്ടാം ഘട്ടത്തിന്റെ ഒരുക്കങ്ങളും ഇതിനിടെ തുടര്‍ന്നിരുന്നു. ശില്‍പ്പികള്‍ എത്തുന്നതിലെ സൗകര്യം കണക്കിലെടുത്ത് രണ്ടാംഘട്ടം നീണ്ടു പോവുകയും ചെയ്തു .ബീച്ചില്‍ സ്ഥാപിക്കപ്പെട്ട ശില്പ്പങ്ങള്ക്കും വിവരണ ഫലകങ്ങള്‍ക്കും നേരെ സാമൂഹ്യവിരുദ്ധരുടെ ആക്രമണവും ഉണ്ടായി.
ശില്‍പ്പ ഫലകം ഉള്‍പ്പെടെ പൊട്ടിപൊളിഞ്ഞ അവസ്ഥയായിട്ടും വേണ്ടപ്പെട്ടവര്‍ അവഗണിക്കുകയായിരുന്നു. നഗരത്തില്‍ എത്തുന്ന ടൂറിസ്റ്റുകള്‍ക്കുള്‍പ്പെടെ ശില്പങ്ങള് കാണാന്‍ സ്ഥലങ്ങള്‍ സന്ദര്‍ശിക്കുമ്പോഴും ശില്പനഗരമാണ് ഇതെന്ന് വ്യക്തമാക്കാന്‍ ബോര്‍ഡു പോലും എങ്ങും സ്ഥാപിച്ചിട്ടില്ലെന്നതാണ് വാസ്തവം. രണ്ടാംഘട്ടം ആരംഭിക്കുന്നതോടെ കൂടുതല്‍ ശില്പങ്ങള് നഗരത്തിന്റെ പ്രധാന കേന്ദ്രങ്ങളില്‍ സ്ഥാപിക്കുകയും പദ്ധതിയുടെ ഉദ്ദേശലക്ഷ്യത്തിലേക്ക് എത്തിചേരുമെന്നാണ് ശില്‍പ്പികളും അഭിപ്രായപ്പെടുന്നത്.