അപരിചിതമായ സ്ഥലത്തെത്തിയാൽ അവിടെയുള്ളവരോട് വഴി ചോദിച്ച് മനസിലാക്കുന്നതിൽ അസ്വഭാവികതയൊന്നുമില്ല. എന്നാൽ നാണക്കേട് ഭയന്ന് ആരോടും വഴി ചോദിക്കാതിരുന്ന ഒരു കൗമാരക്കാരന്റെ അനുഭവമാണ് ഏറെ അമ്പരപ്പുളവാക്കുന്നത്.
മലേഷ്യ സ്വദേശിയായ ഹാംഗ് ഡാമിംഗ് എന്ന 18കാരനാണ് താൻ താമസിക്കുന്ന കെട്ടിടത്തിലേക്കുള്ള വഴിയറിയാതെ സിംഗപ്പൂർ നഗരത്തിൽ 10 ദിവസങ്ങൾ കറങ്ങി നടന്നത്. ജോലി തേടി കഴിഞ്ഞ മാസമാണ് ഹാംഗ് മലേഷ്യയിൽ നിന്നും സിംഗപ്പൂരിലെത്തിയത്.
ഹാംഗ് ഒരു സുഹൃത്തിനൊപ്പമാണ് ഇവിടെ താമസിച്ചിരുന്നത്. സുഹൃത്ത് മറ്റൊരു സ്ഥലത്തു പോകുന്നതിനു മുൻപായി ഭക്ഷണം വാങ്ങിക്കുവാൻ ഹാംഗിന് പണം നൽകിയിരുന്നു. അദ്ദേഹം പോയി കഴിഞ്ഞ് ഭക്ഷണം വാങ്ങുവാനായി അടുത്തുള്ള ഭക്ഷണശാലയിൽ ഹാംഗ് പോയി. എന്നാൽ തിരികെ മുറിയിലേക്കു പോകുവാൻ ഇറങ്ങിയപ്പോഴാണ് ഏത് ദിശയിലേക്കാണ് പോകേണ്ടതെന്ന് അറിയാതെ ഹാംഗ് കുഴങ്ങിയത്.
എവിടെ നോക്കിയാലും ഒരു പോലുള്ള കെട്ടിടങ്ങളും വഴികളും അതായിരുന്നു ഹാംഗിൽ സംശയമുണ്ടാക്കിയത്. ഹാംഗ് പണവും പാസ്പോർട്ടും മൊബൈൽ ഫോണും മുറിയിലായിരുന്നു വച്ചിരുന്നത്. അതുകൊണ്ട് വഴി ചോദിച്ച് മനസിലാക്കുവാൻ സുഹൃത്തിനെ പോലും വിളിക്കുവാൻ ഹാംഗിനായില്ല.
എന്നാൽ ആരോടെങ്കിലും വഴി ചോദിച്ചു മനസിലാക്കുകയോ ആരുടെയെങ്കിലും ഫോണ് വാങ്ങി സുഹൃത്തിനെ വിളിക്കുവാനോ ഹാംഗ് തയാറായില്ല. തുടർന്ന് 10 ദിവസമാണ് ഹാംഗ് നഗരത്തിൽ ചിലവഴിച്ചത്. എന്നാൽ എട്ട് ദിനങ്ങൾ കഴിഞ്ഞപ്പോഴേക്കും ഹാംഗിന്റെ കൈവശമുണ്ടായിരുന്ന പണം തീർന്നിരുന്നു.
എന്നിട്ടും, വീട്ടിലേക്ക് മടങ്ങിപ്പോകുവാൻ ഒരാളോടു പോലും വഴി ചോദിച്ചു മനസിലാക്കുവാൻ തയാറാകാതിരുന്ന ഹാംഗ് ഭക്ഷണം കഴിക്കുവാനുള്ള പണത്തിനായി ആളുകളോട് ഭിക്ഷ ചോദിക്കുവാൻ ആരംഭിച്ചു. രണ്ടു ദിവസങ്ങൾക്കൂടി കഴിഞ്ഞപ്പോഴാണ് ഹാംഗിന്റെ നല്ല സമയമുദിച്ചത്.
കാരണം വീട്ടിൽ മടങ്ങിയെത്തിയ സുഹൃത്ത് ഹാംഗിനെ കാണാത്തതിനെ തുടർന്ന് പോലീസിൽ അറിയിച്ചിരുന്നു. മാത്രമല്ല നോട്ടീസും പല സ്ഥലങ്ങളിലും പതിപ്പിച്ചിരുന്നു. ഈ നോട്ടീസ് ശ്രദ്ധയിൽപ്പെട്ട ഒരാൾ ഹാംഗിനെ കണ്ടെത്തുകയായിരുന്നു. ആ സമയം വീട്ടിൽ നിന്നും ആറു കിലോമീറ്റർ അകലെയുള്ള ഗ്രൗണ്ടിലായിരുന്നു ഹാംഗ്.
സുഹൃത്തിന്റെ പക്കൽ തിരികെയെത്തിയ ഹാംഗ് സ്വന്തം നാടായ മലേഷ്യയിലേക്ക് മടങ്ങി പോയിരിക്കുകയാണ്. ഇനി താൻ സിംഗപ്പൂരിലേക്ക് മടങ്ങി വരില്ലെന്നും ഇവിടെ ജീവിക്കുവാൻ ഭയമാണെന്നുമാണ് അദ്ദേഹം പറയുന്നത്.
ഹാംഗിന്റെ കഥ സിംഗപ്പൂരിലും മലേഷ്യയിലും വ്യാപകമായി പ്രചരിച്ചിരുന്നു. വീട്ടിലേക്കുള്ള വഴി ചോദിച്ചു മനസിലാക്കുവാൻ നാണമുള്ളയാൾ എങ്ങനെയാണ് ഭിക്ഷ ചോദിക്കുന്നതെന്നാണ് ഏവരുടെയും ചോദ്യം. ഇത്തരം ചിന്താഗതികൾ വച്ചു പുലർത്തുന്നയാൾക്ക് മുൻപോട്ടുള്ള ജീവിതം വളരെ ദുസഹമായിരിക്കുമെന്നും ആളുകൾ അഭിപ്രായപ്പെടുന്നുണ്ട്.