അബുദാബി: തൊഴിലാളികളുടെ പാസ്പോർട്ട് പിടിച്ചുവയ്ക്കുന്ന തൊഴിലുടമയ്ക്ക് യുഎഇ മാനവശേഷി, സ്വദേശിവത്കരണ മന്ത്രാലയത്തിന്‍റെ മുന്നറിയിപ്പ്. ഇത്തരം കേസുകൾ വീണ്ടും റിപ്പോർട്ട് ചെയ്യുന്നതിന്‍റെ പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ്. നിയമം ലംഘിക്കുന്നവർക്ക് ആറു മാസം വരെ തടവോ 20,000 ദിർഹം പിഴയോ ആണ് ശിക്ഷ.
വീസ സ്റ്റാംപ് ചെയ്യാൻ വേണ്ടി മാത്രം പാസ്പോർട്ട് കൈമാറാം. പാസ്പോർട്ട് ഇമിഗ്രേഷനിൽ സമർപ്പിച്ച് വീസ സ്റ്റാംപ് ചെയ്ത ശേഷം അതാതു വ്യക്തികൾക്ക് തിരിച്ചുനൽകണം. പാസ്പോർട്ട് പിടിച്ചുവയ്ക്കുന്നത് നിർബന്ധിച്ച് തൊഴിൽ ചെയ്യിക്കുന്നതു പോലെയാണെന്ന് രാജ്യാന്തര തൊഴിൽ നിയമത്തിലും വിശദീകരിക്കുന്നുണ്ടെന്നും മന്ത്രാലയം വിശദീകരിച്ചു.
തിരിച്ചറിയൽ രേഖയായ പാസ്പോർട്ട് സൂക്ഷിക്കേണ്ടത് അതത് വ്യക്തികൾ തന്നെയാണ്. പാസ്പോർട്ട് പിടിച്ചുവയ്ക്കുന്നവർക്കെതിരെ കേസ് കൊടുക്കാൻ വ്യക്തിക്ക് അധികാരമുണ്ട്. വേഗത്തിൽ പരിഹരിക്കുന്ന കേസായി ഇത് ഫയൽ ചെയ്യാം. പാസ്പോർട്ട് തിരികെ നൽകാൻ ഉത്തരവിടുന്നതോടൊപ്പം കോടതി ചെലവും പാസ്പോർട്ട് പിടിച്ചുവച്ച ആളിൽനിന്നും ഈടാക്കും.
പോലീസാണ് കമ്പനിയിൽനിന്ന് പാസ്പോർട്ട് വാങ്ങിനൽകുക. അതുപോലെ തന്നെ പാസ്പോർട്ട് പണയം വയ്ക്കലും നിയമവിരുദ്ധമാണ്. സാമ്പത്തിക ഇടപാടിന് ഈടായി പാസ്പോർട്ടും എമിറേറ്റ്സ് ഐഡിയും വാങ്ങിവയ്ക്കുന്ന പ്രവണതയും അതീവ കുറ്റകരമാണെന്ന്
മാനവശേഷി, സ്വദേശിവത്കരണ മന്ത്രാലയം അസിസ്റ്റന്‍റ് അണ്ടർ സെക്രട്ടറി ഹുമൈദ് ബിൻ ദീമാസ് അൽ സുവൈദി വ്യക്തമാക്കി.
അതേസമയം നിയമനടപടി നേരിടുന്നവരുടെ കേസ് പൂർത്തിയാകുന്നതുവരെ പാസ്പോർട്ട് തടഞ്ഞുവയ്ക്കാൻ കോടതിക്ക് അധികാരമുണ്ടായിരിക്കും.