ചേർത്തല: ഏഴാം ക്ലാസ് വിദ്യാർഥിനിയെ സ്കൂളിന് സമീപത്ത് നിന്ന് ഓട്ടോയിൽ തട്ടിക്കൊണ്ടുപോകാൻ ശ്രമം. മൂന്നംഗ സംഘം പിടിയിൽ. പാലക്കാട് പട്ടാന്പി സ്വദേശികളായ മൂന്ന് യുവാക്കളെയാണ് നാട്ടുകാർ പിടികൂടിയത്. ഇന്നലെ രാവിലെ ഒന്‍പതോടെ ചേർത്തല അരൂക്കുറ്റി റോഡിൽ പള്ളിപ്പുറത്തിന് സമീപമായിരുന്നു സംഭവം.
സംഘത്തിലെ ഒരാളുമായി പെണ്‍കുട്ടി അടുപ്പത്തിലായിരുന്നത്രേ. സ്കൂളിന് സമീപത്തെത്തിയ ഇവർ പെണ്‍കുട്ടിയെ വിളിച്ച് ഓട്ടോയിൽ കയറ്റി കൊണ്ട് പോകാനാണ് ലക്ഷ്യമിട്ടിരുന്നത്.
ഇവരുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ നാട്ടുകാർ പിടികൂടി ചോദ്യം ചെയ്യുകയും പോലീസിനെ വരുത്തി ഇവരെ കൈമാറുകായിരുന്നു. പിടിയിലായവരിൽ ഒരാൾ പ്രായപൂർത്തിയാകാത്തയാളാണ്.
പട്ടാന്പിയിൽ നിന്ന് ഇവരെത്തിയ സാഹചര്യവും പ്രാദേശവാസികളിൽ നിന്ന് സഹായം ലഭിച്ചിട്ടുണ്ടോയെന്നും വിശദമായി പരിശോധിക്കുന്നുണ്ട്. പ്രായപൂർത്തിയായവരെ കോടതിയിലും പ്രായപൂർത്തിയാകാത്തയാളെ ചൈൽഡ് വെൽഫയർ കമ്മിറ്റി മുന്‍പാകെയും ഹാജരാക്കുമെന്ന് പോലീസ് പറഞ്ഞു.