സിജോ പൈനാടത്ത്
കൊച്ചി: അമ്മയുടെ ഉദരത്തിൽ കിടന്നു പ്രളയവഴികൾ തുഴഞ്ഞുകയറിയ കുഞ്ഞിന് അവരിട്ട പേര് നോഹ. വിശുദ്ധഗ്രന്ഥത്തിലെ പ്രളയസ്മൃതികളിൽ അതിജീവനത്തിന്റെ പേരുകുറിച്ച നോഹയുടെ നാമം.
പ്രസവവേദനയുടെ ആധിക്യത്തിൽ, വെള്ളം കയറിയ വീട്ടിൽനിന്നു വാഹനത്തിലും കൂട്ടിക്കെട്ടിയ വഞ്ചിയിലും കിടന്ന് ആശുപത്രിയിലേക്കുള്ള യാത്ര നോഹയുടെ അമ്മ ഗ്രീനയ്ക്കും ഭർത്താവ് ബാബു ഡിനോയ്ക്കും മറക്കാനാവില്ല.
അവർക്കു മുന്നിൽ മാലാഖമാരെപ്പോലെ സഹായമൊരുക്കിയ നാട്ടുകാർക്കും ആ നിമിഷങ്ങൾ അവിസ്മരണീയം.പ്രതിസന്ധികളെ തോൽപിച്ചു തുഴഞ്ഞുനീങ്ങിയപ്പോൾ കാരുണ്യമായും സ്നേഹമായും കൂട്ടുചേർന്ന അനേകരോടു നന്ദിയർപ്പിച്ചായിരുന്നു കഴിഞ്ഞ ദിവസം നോഹയുടെ മാമ്മോദീസ.
മൂഴിക്കുളം കണ്ണന്പുഴ ബാബുവിന്റെ വീട്ടിൽ പ്രളയം ആരംഭിച്ചപ്പോഴെ വെള്ളം കയറിയിരുന്നു. പ്രസവസമയം അടുത്ത ഗ്രീനയുമായി ദുരിതാശ്വാസ ക്യാന്പിലേക്കു പോകേണ്ടെന്നു തീരുമാനിച്ചാണ് മൂഴിക്കുളത്തുനിന്നു വാഹനത്തിൽ ആശുപത്രിയിലേക്കു യാത്ര തുടങ്ങിയത്. കുട്ടമശേരിയിലെത്തിയപ്പോഴേക്കും വാഹനങ്ങൾ പോകാനാവാത്ത വിധം റോഡിൽ ജലനിരപ്പുയർന്നു. പ്രതിസന്ധിയിലായ ഗ്രീനയ്ക്കും കുടുംബത്തിനും തോമസ് ചീരകത്തിൽ എന്നയാൾ തന്റെ വീട്ടിൽ അഭയമൊരുക്കി.
പ്രസവവേദന കൂടിയതോടെ നാട്ടുകാർ ഒത്തുചേർന്നു രണ്ടു വഞ്ചികൾ കൂട്ടിക്കെട്ടി അതിൽ കട്ടിൽ കെട്ടിവച്ചു പൂർണഗർഭിണിയായ ഗ്രീനയെ അതിലേക്കു മാറ്റി. ആശുപത്രി ലക്ഷ്യമാക്കിയുള്ള തുഴച്ചിലിൽ നാട്ടുകാർ പിന്തുണയായി. പൊയ്ക്കാട്ടുശേരി വരെയുള്ള രണ്ടു കിലോമീറ്റർ ദൂരം വള്ളത്തിൽ. ശേഷം വാഹനത്തിൽ അങ്കമാലിയിലെ എൽഎഫ് ആശുപത്രിയിലേക്ക്. മണിക്കൂറുകൾക്കകം സുഖപ്രസവം.
സോഫ്റ്റ് വെയർ എൻജിനിയറാണു ബാബു ഡിനോ. ഗ്രീന നഴ്സാണ്. മൂഴിക്കുളം സെന്റ് മേരീസ് ഫൊറോന പള്ളിയിലായിരുന്നു നോഹയുടെ മാമ്മോദീസ. കുറുമശേരി ബെർട്ടോണി ആശ്രമത്തിലെ ഫാ. ജോബി തയ്യിൽ കാർമികനായി.