കോട്ടയം: ഒന്നര മാസത്തെ സഹകരണത്തിനുശേഷം ബിജെപി ബന്ധം മുറിച്ച് പി.സി. ജോർജ് കോണ്‍ഗ്രസ് പാളയത്തിലേക്ക്. സിപിഎം, ബിജെപി ബന്ധം അനുയോജ്യമല്ലെന്ന തിരിച്ചറിവിൽ ഇനി കോണ്‍ഗ്രസിനൊപ്പം സഹകരിക്കാനാണ് കേരള ജനപക്ഷത്തിന്റെ തീരുമാനം. കോണ്‍ഗ്രസുമായി അടുക്കുന്നതാണോ ഉത്തമം എന്നു തീരുമാനിക്കാൻ കഴിഞ്ഞ ദിവസം ചേർന്ന യോഗം ഒന്‍പതംഗ സമിതിയെ നിയോഗിച്ചു.
വർഗീയ മുതലെടുപ്പിലൂടെ ജനങ്ങളെ ഭിന്നിക്കുന്ന മതേതര വിരുദ്ധ തന്ത്രമാണ് പിണറായി വിജയന്റേതെന്നും സിപിഎമ്മിനൊപ്പം സഹകരിക്കാനാവില്ലെന്നും യോഗം തീരുമാനിച്ചു. ശബരിമല വിഷയത്തിലും വിശ്വാസകാര്യത്തിലും ബിജെപിയുടെ സമീപനം ശരിവയ്ക്കുന്നു. എന്നാൽ, രാഷ്ട്രീയ സഹകരണത്തിന് ബിജെപിയോടൊപ്പം ചേരുന്നതിനോട് യോജിക്കാനാവില്ല.
പി.സി. ജോർജ് ബിജെപി നേതാക്കളോടും ബിജെപിയോട് അനുഭാവം പുലർത്തുന്ന പ്രമുഖരോടുമൊപ്പം ശബരിമല വിഷയത്തിൽ ഇടപെട്ടതിനു പിന്നാലെയാണ് ചുവടുമാറ്റം. യുഡിഎഫ് മുന്നണിയിൽ കോണ്‍ഗ്രസിനോടു സഹകരിക്കുന്ന കാര്യത്തിലേ ആലോചനയുള്ളുവെന്നും തീരുമാനം വൈകില്ലെന്നും ജോർജ് പാർട്ടി സമ്മേളനത്തിൽ വ്യക്തമാക്കി.