കൊച്ചി: തമിഴ്നാടിന്റെ നാടൻ കലാരൂപമായ കട്ടായിക്കൂത്തും കർണാടക സംഗീതവുമായുള്ള അപൂർവ്വ സംഗമത്തിന് കൊച്ചി-മുസിരിസ് ബിനാലെ നാലാം ലക്കം വേദിയാകുന്നു. സമൂഹത്തിന്റെ രണ്ട് ധ്രുവങ്ങളിൽ നിൽക്കുന്ന സംഗീതശാഖകളെ ബന്ധിപ്പിക്കുന്നതോടെ സാംസ്കാരികവും പരന്പരാഗതവുമായ കീഴ്വഴക്കങ്ങളെ ഖണ്ഡിക്കുക കൂടിയാണ് ചെയ്യുന്നത്.
നാളെ ഫോർട്ട്കൊച്ചി കബ്രാൾ യാർഡിലെ ബിനാലെ പവലിയനിൽ രാത്രി ഏഴിനാണ് ഈ സംഗീത പരിപാടി അരങ്ങേറുന്നത്. കാട്ടായിക്കൂത്ത് നടനും രചയിതാവുമായ പി. രാജഗോപാൽ, കർണാടക സംഗീതജ്ഞരായ സംഗീത ശിവകുമാർ, ടി.എം. കൃഷ്ണ, ഗവേഷകനായ ഹന്നേ ഡെ ബ്രുയിൻ എന്നിവർ ചേർന്ന് കാഞ്ചീപുരത്ത് നടന്ന കാട്ടായിക്കൂത്ത് സംഗമത്തിലായിരുന്നു ഈ സംഗീത സംഗമം യാഥാർഥ്യമാക്കിയത്.
ഫസ്റ്റ് എഡീഷൻ ഓഫ് ആർട്സ് എന്ന സ്ഥാപനമാണ് ഈ പരിപാടി സംഘടിപ്പിക്കുന്നത്. കർണാടക സംഗീതത്തിന്റെ സൗന്ദര്യവും കൂത്തിന്റെ ആക്ഷേപഹാസ്യം, തമാശ, മൂർച്ചയേറിയ വാക്കുകൾ എന്നിവയുടെ ലയനം സംഗീത മേഖലയിലെ വ്യത്യസ്ത അനുഭവമാണ്. അവതരണത്തിൽ രണ്ട് വ്യത്യസ്ത ധ്രുവങ്ങളിൽ നിൽക്കുന്ന കലാശാഖകളാണ് കർണാടക സംഗീതവും കട്ടായിക്കൂത്തും.
കർണാടക സംഗീതം വരേണ്യ വർഗത്തിന്റെ കുത്തകയായിരുന്നെങ്കിൽ ഏറെ പ്രാദേശികമായ കലാരൂപമായാണ് കട്ടായിക്കൂത്തിനെ കണക്കാക്കിയിരുന്നത്. ഇത് കലാപരവും ഒരുപോലെ സാമൂഹികവുമായ പരീക്ഷണമാണെന്ന് ഹന്നേ ഡെ ബ്രുയിൻ പറഞ്ഞു. 18 കട്ടായിക്കൂത്ത് കലാകാരന്മാരാണ് ഇതിൽ പങ്കെടുക്കുന്നത്. ദ്രൗപദി വസ്ത്രാക്ഷേപവും മഹാഭാരത യുദ്ധത്തിലെ പതിനെട്ടാം ദിവസവുമാണ് കലാകാരന്മാർ പ്രതിപാദിക്കുന്നത്.