നാദാപുരം: കല്ലാച്ചിയില്‍ ജ്വല്ലറി കുത്തി തുറന്ന് മുക്കാല്‍ കോടിയുടെ സ്വര്‍ണ്ണാഭരണങ്ങളും വെള്ളിയും പണവും കവര്‍ന്ന കേസില്‍ പോലീസ് പിടികൂടിയ തമിഴ്നാട് സ്വദേശികളായ മൂന്നംഗ അന്തര്‍ സംസ്ഥാന മോഷ്ടാക്കളെ ഇന്ന് കോടതിയില്‍ ഹാജരാക്കും. തമിഴ്നാട് തിരുവള്ളൂര്‍ ജില്ലയിലെ പാക്കം സ്വദേശി അഞ്ച്പുലി എന്ന അഞ്ചാം പുലി (52), വീരുപ്പുറം ജില്ലയിലെ കോട്ടുമേട് സ്വദേശി രാജ (31), മധുര ജില്ലയിലെ പുതൂര്‍ സ്വദേശി സൂര്യ (22) എന്നിവരെയാണ് നാദാപുരം ഒന്നാംക്ലാസ് മജിസ്ട്രേറ്റ് മുമ്പാകെ ഹാജരാക്കുന്നത്.
അതേസമയം നിരവധി മോഷണകേസുകളിലെ പ്രതികളായ ഇവരെ കസ്റ്റഡിയില്‍ ലഭിക്കുന്നതിനായി പോലീസ് ഇന്ന് കോടതിയില്‍ അപേക്ഷ നല്‍കും. പ്രതികളെ തെളിവെടുപ്പിനായി കൊണ്ടുപോവുന്നതിനും കൂടുതല്‍ ചോദ്യം ചെയ്യുന്നതിനുമാണ് കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ അപേക്ഷ സമര്‍പ്പിക്കുന്നതെന്ന് പോലീസ് അറിയിച്ചു. ആറംഗ സംഘത്തില്‍പെട്ട മൂന്നുപേരാണ് മലപ്പുറം ജില്ലയിലെ വളാഞ്ചേരിയില്‍ നിന്ന് പിടിയിലായത്.
2018 ഡിസംബര്‍ നാലിനാണ് കല്ലാച്ചിയിലെ റിന്‍സി ജ്വല്ലറിയുടെ പിന് ഭാഗത്തെ ചുമര് കുത്തിതുറന്ന് സ്വര്‍ണാഭരണവും, പണവും കവര്‍ന്നത്. ഒരാഴ്ചയോളം മോഷണത്തിന് യാതൊരു തെളിവും അവശേഷിപ്പിച്ചിരുന്നില്ല. പ്രതികള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാതെ അതി വിദഗ്ദമായാണ് മോഷണം നടത്തി കടന്നത്.
മോഷണത്തിന് ശേഷം കല്ലാച്ചി പയന്തോംഗിലെത്തിയ സംഘം പുലര്‍ച്ചെ 5.40 നുള്ള കെ എസ് ആര് ടി സി ബസ്സില്‍ വടകര എത്തുകയും പിന്നീട് ട്രയിനില്‍ കുറ്റിപ്പുറത്തെത്തി വളാഞ്ചേരിയിലെത്തുകയായിരുന്നു.റൂറല്‍ എസ് പി ജി.ജയദേവിന്റെ നേതൃത്വത്തില്‍ നാദാപുരം ഡി വൈ എസ് പി ഇ.സുനില്‍ കുമാറിന്റെ കീഴിലാണ് പോലീസ് സംഘം അന്വേഷണം നടത്തിയത്.
തൃശ്ശൂര്‍ ജില്ലയിലെ ഒല്ലൂരിലെ അന്ന,ആത്മിക ,ജ്വല്ലറികളില്‍ നിന്ന് അഞ്ച് കിലോ വെള്ളി ആഭരണങ്ങളും 5,85,000 കവര്‍ന്ന കേസിലും, മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി പുളിക്കലിലെ എസ്എം ജ്വല്ലറി കുത്തി തുറന്ന് 350 ഗ്രാം സ്വര്‍ണാഭരണം കവര്‍ന്ന കേസിലും പ്രതികളാണ് അറസ്റ്റിലായവര്‍. 2008 ഒക്ടോബറില്‍ കണ്ണൂര്‍ പൊന്യം സര്‍വീസ് സഹകരണ ബാങ്ക് കുത്തി തുറന്ന് 24 കിലോ സ്വര്‍ണം കവര്‍ച്ച ചെയ്ത കേസിലെ മുഖ്യ പ്രതിയാണ് കവര്‍ച്ചാ സംഘ തലവന്‍ അഞ്ചാം പുലി.
25 വര്‍ഷത്തോളമായി തമിഴ്നാട്ടിലെ വിവിധ സംഘങ്ങളോടൊപ്പം കേരളത്തിലെത്തി നിരവധി കവര്‍ച്ച കേസുകളില്‍ ഉള്‍പ്പെട്ട് പോലീസിന് പിടി കൊടുക്കാതെ കഴിയുകയായിരുന്നു. കല്ലാച്ചി കവര്‍ച്ചയ്ക്കുശേഷം കോഴിക്കോട് ജില്ലയിലെ ചേളന്നുരിലെ കുമാരസ്വാമി ജ്വല്ലറിയില്‍ മോഷണം നടത്താന്‍ പദ്ധതിയിട്ട് നടപ്പിലാക്കുന്നതിനിടയിലാണ് സംഘം പിടിയിലായത്.
നാദാപുരം എസ്ഐ എന്‍. പ്രജീഷ്, നാദാപുരം പോലീസ് സ്റ്റേഷനിലെ എഎസ്ഐ ഇ.സി.കെ.ശ്രീധരന്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ കെ.മജീദ്,സി പി ഒമാരായ എം.പി.സുധീഷ്,എം.പി.ലിനീഷ്,പി.കെ.അബ്ദുള്‍ മജീദ്,വടകര പോലീസ് സ്റ്റേഷനിലെ എ എസ് ഐ മാരായ കെ.പി.രാജീവന്,സി.എച്ച്.ഗംഗാധരന്,എസ് സി പി ഒമാരായ കെ.യൂസഫ്,വി.വി.ഷാജി,നാദാപുരം കണ്ട്രോള് റൂം മിലെ ടി.സി.രാജ ഗോപാല്‍,പയ്യോളി സ്റ്റേഷനിലെ എസ് സി പി ഒ സി.വി.ബിനീഷ് ,സൈബര്‍ സെല്‍ എ എസ് ഐ സത്യന്,ടി.ഡി രജീഷ്,ഷരീഷ് എന്നിവരും അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു. അന്വേഷണ സംഘത്തിലെ ഉദ്യോോഗസ്ഥര്ക്ക് പുരസ്ക്കാരത്തിന് ശിപാര്‍ശ ചെയ്യുമെന്ന് റൂറല്‍ എസ് പി ജെ.ജയദേവ് പറഞ്ഞു.
നാദാപുരം: അന്തർ സംസ്ഥാന കവർച്ചാ സംഘത്തെ അഴികൾക്കുള്ളിലാക്കിയ പോലീസ് സംഘത്തിന് നന്ദി പറയാൻ ജ്വല്ലറി ഉടമയും കുടുംബവുമെത്തി. കല്ലാച്ചി റിൻസി ജ്വല്ലറി ഉടമ പഴങ്കൂട്ടത്തിൽ കേളുവും കുടുംബവുമാണ് മോഷ്ടാക്കൾ പിടിയിലായതറിഞ്ഞ് കവർച്ച സംഘത്തെ കാണാനും പോലീസ് കാരെ അഭിനന്ദിക്കാനും വന്നത്. കഴിഞ്ഞ മാസമാണ് ജ്വല്ലറിയിൽ കവർച്ച നടന്നത്. 220 പവൻ സ്വർണ്ണ ആഭരണങ്ങളും വെള്ളിയും മൂന്നര ലക്ഷത്തോളം രൂപയുമാണ് കവർച്ച ചെയ്യപ്പെട്ടത്.
ജീവിത സമ്പാദ്യം മുഴുവൻ നഷ്ടപ്പെട്ടതോടെ മാനസികമായി തകർന്ന നിലയിലായിരുന്നു.കേസന്വേഷണം നീണ്ട് പോയെങ്കിലും പ്രതീക്ഷ കൈ വിട്ടിരുന്നില്ല. ആശ്വാസ വാക്കുകളുമായി നാദാപുരം എസ് ഐ എൻ.പ്രജീഷ് കൂടെ ഉണ്ടായിരുന്നെന്ന് കേളു “രാഷ്ട്രദീപിക’ യോട് പറഞ്ഞു. പ്രതികളുടെ സി സി ടി വി ദൃശ്യങ്ങളും നിർണ്ണായക തെളിവുകളും ലഭിച്ചെന്നറിഞ്ഞതോടെ പ്രതീക്ഷകൾ വാനോളമായി.വെള്ളിയാഴ്ച്ച പുലർച്ചെയാണ് പ്രതികൾ പിടിയിലായതറിഞ്ഞത്. ഇതോടെ കുടുംബവുമായി എത്തി പ്രതികളെ കണ്ടു.
വൈകുന്നേരം നാദാപുരത്തെത്തിയ റൂറൽ എസ്പി ജി.ജയദേവിനും ഡി വൈ എസ് പി ഇ.സുനിൽ കുമാറിനും എസ് ഐ എൻ.പ്രജീഷ് ,സ്ക്വാഡ് അംഗങ്ങൾക്കും പ്രത്യേക നന്ദിയും കടപ്പാടും അറിയിച്ചാണ് കുടുംബം മടങ്ങിയത്. കടയിൽ ഇനി സിസി ടിവി ക്യാമറകൾ സ്ഥാപിക്കണമെന്ന എസ്പി യുടെ നിർദ്ദേശ പ്രകാരം വേണ്ട ഏർപാടുകൾ ചെയ്യുമെന്നും പോലീസ് അധികാരികൾക്ക് ഉറപ്പ് നൽകിയാണ് കേളു മടങ്ങിയത്.