തൃശൂർ: ശക്തൻ സ്റ്റാൻഡിനുള്ളിൽ നടന്ന അപകടത്തിൽ പെട്ട ബസ് കണ്ടെത്താൻ രണ്ടു ദിവസമായിട്ടും കഴിഞ്ഞിട്ടില്ലെന്നത് നാണക്കേടായി മാറുന്നു. സ്റ്റാൻഡിനുള്ളിൽ പോലീസിന്റെ എയ്ഡ് പോസ്റ്റും പോലീസും ഡ്യൂട്ടിയിലുള്ള സ്ഥലത്ത് നടന്ന അപകട മരണത്തിന്നു കാരണമായ ബസ് കണ്ടെത്താൻ കഴിയുന്നില്ലെന്ന് പറയുന്നത് വിശ്വസിക്കാനാകുന്നില്ലെന്നാണ് യാത്രക്കാർ പറയുന്നത്.
സാധാരണ രാത്രിയിൽ റോഡിൽ ആരുമില്ലാത്ത സമയത്ത് നടക്കുന്ന അപകടങ്ങളിൽ പോലും ഇടിച്ചിട്ട വാഹനത്തെ കണ്ടെത്താൻ മിടുക്കു കാണിച്ചിട്ടുള്ള പോലീസ് പട്ടാപ്പകൽ പോലീസും ആളുകളും കൂടി നിൽക്കുന്ന സമയത്ത് നടന്ന ബസ് ഏതാണെന്ന് കണ്ടെത്താൻ കഴിയാത്തത് ഗൗരവമായി കാണണമെന്നാണ് അഭിപ്രായമുയരുന്നത്.
ബസുകൾക്ക് ഒരേ കളറായതിനാൽ ആണ് കണ്ടെത്താൻ കഴിയാത്തതെന്നാണ് ന്യായം പറയുന്നത്. എന്നാൽ ബസ് തലയിലൂടെ കയറിയിറങ്ങിയതിനാൽ ചോരയുടെ പാടെങ്കിലും ടയറിലുണ്ടാകുമെന്ന് കണക്കാക്കി എത്രയും വേഗം ആ സമയങ്ങളിൽ സ്റ്റാൻഡിലെത്തുന്ന ബസുകൾ ഏതാണെന്ന് കണ്ടെത്തി പരിശോധന നടത്തിയാൽ പിടിക്കാൻ കഴിയുമായിരുന്നു. എന്നാൽ രണ്ടു ദിവസം കഴിഞ്ഞതിനാൽ എല്ലാ തെളിവുകളും നഷ്ടപ്പെട്ടിട്ടുണ്ടാകും.
ആ സമയത്ത് സ്റ്റാൻഡിലെത്തുന്ന ബസുകൾ ഏതാണെന്ന് പരിശോധന നടത്തുകയാണെന്നാണ് പോലീസ് പറയുന്നത്. എന്നാൽ ഈ ബസ് ജീവനക്കാരെ ചോദ്യം ചെയ്താൽ ബസ് ഏതാണെന്ന് വ്യക്തമായി അറിയാൻ കഴിയും. 10ന് ഉച്ചയ്ക്ക് ഒന്നേമുക്കാലിനാണ് അപകടമുണ്ടായത്. ചിയ്യാരം സ്വദേശിനി കരംപറ്റ ചിറ്റിലപ്പിള്ളി ജോസിന്റെ ഭാര്യ മേരിയാണ് ബസിനടിയിൽ പെട്ട് മരിച്ചത്.
പട്ടാപ്പകൻ നഗരത്തിനുള്ളിൽ നടക്കുന്ന അപകടങ്ങളിൽ പെട്ട വാഹനം കണ്ടെത്താൻ കഴിയാത്തത് ആവർത്തിച്ചാൽ യാത്രക്കാർക്കും കാൽനടക്കാർക്കും ഒരു സുരക്ഷയുമില്ലാത്ത നഗരമായി തൃശൂർ മാറും. നഗരത്തിൽ സിസിടിവികൾ സ്ഥാപിക്കുമെന്ന് പ്രഖ്യാപനം നടത്തുന്നുണ്ടെങ്കിലും ഇതുവരെ അതിനുള്ള നടപടികൾ പൂർത്തിയായിട്ടില്ല.
അമിത വേഗത്തിലെത്തുന്ന വാഹനങ്ങൾ യാത്രക്കാരെ ഇടിച്ചിട്ട് കടന്നു പോയാലും ഒരു പ്രശ്നവുമില്ലാത്ത സാഹചര്യത്തിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നത്. കാൽനടക്കാർക്ക് റോഡ് മുറിച്ചു കടക്കാൻ ശ്ക്തൻസ്റ്റാൻഡിനു സമീപം സീബ്രാ ലൈനുകൾ വരയ്ക്കാൻ പോലും അധികാരികൾ തയ്യാറായിട്ടില്ല.