കൊല്ലം: എംസി റോഡിൽ കൊട്ടാരക്കര ആയൂരിനു സമീപം കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് അഞ്ചു പേർ മരിച്ചു. ചെങ്ങന്നൂർ ആല സ്വദേശി അരുൺ, റാന്നി വടശേരിക്കര തലച്ചിറ കൈലാസ് ഭവനിൽ മിനി (45), ഹർഷ (4) സ്മിത, അഞ്ജന (22) എന്നിവരാണു മരിച്ചത്. ഇവർ ഒരു കുടുംബത്തിലേതാണെന്നാണ് വിവരം.
കൊട്ടാരക്കരയിൽ നിന്ന് തിരുവനന്തപുരത്തേക്ക് വരികയായിരുന്ന കെഎസ്ആർടിസി ഫാസ്റ്റ് പാസഞ്ചറും തിരുവനന്തപുരത്തുനിന്ന് പത്തനംതിട്ടയ്ക്കു പോകുകയായിരുന്ന കാറും തമ്മിലാണ് കൂട്ടിയിടിച്ചത്. അപകടത്തിൽ കാർ നിശേഷം തകർന്നു. പരിക്കേറ്റതിൽ ഒരാളുടെ നില ഗുരുതരമാണ്.
കാർ വെട്ടിപ്പൊളിച്ചാണ് അകത്തു കുടുങ്ങിയ യാത്രികരെ പുറത്തെടുത്തത്. നാല് പേർ സംഭവ സ്ഥലത്ത് തന്നെ മരിച്ചു. ഒരാൾ ആശുപത്രിയിലേക്കുള്ള വഴിമധ്യേയും മറ്റൊരാൾ ആശുപത്രിയിൽ എത്തിയതിന് ശേഷവുമാണ് മരിച്ചത്. ബസിലുണ്ടായിരുന്ന ചില യാത്രക്കാർക്കും നേരിയ പരിക്കേറ്റിട്ടുണ്ട്. ഇവരും ചികിത്സ തേടി.