ബിജെപിയ്‌ക്കെതിരായ എസ്പി-ബിഎസ്പി സഖ്യം കോണ്‍ഗ്രസിന്റെ നീക്കങ്ങള്‍ക്കും തിരിച്ചടിയാവുമോ ! പ്രതിപക്ഷ മഹാസഖ്യമെന്ന കോണ്‍ഗ്രസ് ആശയത്തിന് എസ്പി-ബിഎസ്പി സഖ്യം നല്‍കുന്ന തിരിച്ചടികള്‍ ഇങ്ങനെ…

വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി ഉത്തര്‍പ്രദേശില്‍ രൂപം കൊണ്ട എസ്പി-ബിഎസ്പി സഖ്യം ബിജെപിയ്ക്ക് തിരിച്ചടിയാകുമെന്ന് ഉറപ്പാണ്. ഇതോടൊപ്പം ദേശീയതലത്തില്‍ പ്രതിപക്ഷ മഹാസഖ്യം എന്ന കോണ്‍ഗ്രസ് ആശയത്തിനും ഈ സഖ്യം തുരങ്കം വച്ചേക്കുമെന്ന ഭയം ഇപ്പോള്‍ കോണ്‍ഗ്രസ് നേതൃത്വത്തില്‍ ഉടലെടുത്തിരിക്കുകയാണ്. തങ്ങളെ ഒഴിവാക്കി പ്രാദേശിക പാര്‍ട്ടികളുമായി സഹകരിക്കാനുള്ള മായാവതി-അഖിലേഷ് കൂട്ടുകെട്ടിനെ കോണ്‍ഗ്രസ് ആശങ്കയോടെയാണ് നോക്കിക്കാണുന്നത്.

അഖിലേഷിന്റെയും മായാവതിയുടെയും പാത പിന്തുടര്‍ന്നു കൂടുതല്‍ പാര്‍ട്ടികള്‍ കൂടുമാറാനുള്ള സാധ്യതയുണ്ടെങ്കിലും ചര്‍ച്ചകള്‍ പ്രാഥമിക ഘട്ടത്തിലാണെന്നതു കോണ്‍ഗ്രസിനു പ്രതീക്ഷ നല്‍കുന്ന ഘടകമാണെന്നു വിലയിരുത്തല്‍. തെലങ്കാന മുഖ്യമന്ത്രിയും ടി.ആര്‍.എസ്. നേതാവുമായ കെ. ചന്ദ്രശേഖര്‍ റാവുവാണു കോണ്‍ഗ്രസ്-ബി.ജെ.പി. വിരുദ്ധ സഖ്യമെന്ന നിലയില്‍ ഫെഡറല്‍ മുന്നണിയെന്നു പേരിട്ട് നീക്കത്തിന് ആദ്യം വിത്തുപാകിയത്. അടുത്തിടെ നടന്ന തെലങ്കാന നിയമസഭാ തെരഞ്ഞെടുപ്പില്‍ തുടര്‍ച്ചയായ രണ്ടാംവട്ടവും വിജയത്തേരേറിയതിന്റെ ആത്മവിശ്വാസമാണ് റാവുവിന്റെ നീക്കങ്ങള്‍ക്കു ബലമേകിയത്. കോണ്‍ഗ്രസും തെലുങ്കുദേശം പാര്‍ട്ടി (ടി.ഡി.പി)യും വൈരം മറന്ന് ഒരുമിച്ചിട്ടും ചന്ദ്രശേഖര റാവുവിന്റ പടയോട്ടത്തിനു തടയിടാനായിരുന്നില്ല. തെരഞ്ഞെടുപ്പ് വിജയത്തിനു പിന്നാലെ ദേശീയ രാഷ്ട്രീയത്തില്‍ പയറ്റാനുള്ള ശേഷി തന്റെ പാര്‍ട്ടിക്കുണ്ടെന്നു റാവു വ്യക്തമാക്കുകയും ചെയ്തു.

പൊതുതെരഞ്ഞെടുപ്പിനു മുമ്പ് ഫെഡറല്‍ മുന്നണി രൂപികരിച്ച സമാന മനസ്‌കരായ പാര്‍ട്ടികളെ ഒരു കുടക്കീഴിലാക്കാനായിരുന്നു റാവുവിന്റെ നീക്കം. കോണ്‍ഗ്രസ്, ബിജെപി. ഇതര ഭരണമുള്ള സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും പാര്‍ട്ടി നേതാക്കളുമായി റാവു കൂടിക്കാഴ്ചയും നടത്തി. ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്നായിക്, പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി എന്നിവരെ അവരുടെ തട്ടകങ്ങളിലെത്തി ചര്‍ച്ച നടത്തിയ റാവു ഇതേ ലക്ഷ്യവുമായി മായാവതിയെയും അഖിലേഷ് യാദവിനെയും കാണാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. നീക്കങ്ങളില്‍ ശുഭാപ്തിവിശ്വാസമുണ്ടെന്നും വരുംമാസങ്ങളില്‍ സഖ്യം സംബന്ധിച്ച് കൂടുതല്‍ വ്യക്തത വരുമെന്നുമായിരുന്നു റാവുവിന്റെ പ്രതികരണം. അതിനു പിന്നാലെയാണ് കോണ്‍ഗ്രസിനെ പുറത്തുനിര്‍ത്തി അഖിലേഷും മായാവതിയും ഉത്തര്‍പ്രദേശില്‍ സഖ്യം യാഥാര്‍ഥമാക്കിയത്.

അടുത്തിടെ നിയമസഭാ തെരഞ്ഞെടുപ്പ് നടന്ന മധ്യപ്രദേശിലും രാജസ്ഥാനിലും സര്‍ക്കാര്‍ രൂപീകരണത്തിനു മായാവതി പിന്തുണ നല്‍കിയത് കോണ്‍ഗ്രസിനു പ്രതീക്ഷയേകിയിരുന്നു. എന്നാല്‍ എസ്.പിയുമായി സഖ്യം പ്രഖ്യാപിച്ചു നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ കോണ്‍ഗ്രസിനെയും ബിജെപിയെയും ഒരേ നുകത്തില്‍ കെട്ടാമെന്നു മായാവതി വിശേഷിപ്പിച്ചതു ഭാവിയിലേക്കുള്ള സൂചനയായാണു വിലയിരുത്തപ്പെടുന്നത് സഖ്യത്തെ സ്വാഗതം ചെയ്ത് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയുമായ മമതാ ബാനര്‍ജി അടക്കമുള്ളവര്‍ രംഗത്തെത്തിയിട്ടും കോണ്‍ഗ്രസ് മൗനം ഭജിക്കുന്നത് അവരുടെ ആശങ്കയിലേക്കു വിരല്‍ചൂണ്ടുന്നു.

ലഖ്നൗവില്‍ ഇന്നു ചേരുന്ന യോഗത്തിനുശേഷം പ്രതികരിക്കാമെന്നായിരുന്നു ഉത്തര്‍ പ്രദേശിന്റെ ചുമതലയുള്ള എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി ഗുലാം നബി ആസാദ് വ്യക്തമാക്കിയത്.
തെരഞ്ഞെടുപ്പ് കഴിഞ്ഞു നിലപാട് പ്രഖ്യാപിക്കാനാണു ആന്ധ്രയിലെ മുഖ്യ പ്രതിപക്ഷ പാര്‍ട്ടിയായ വൈ.എസ്.ആര്‍. കോണ്‍ഗ്രസിന്റെ നിലപാട്. അതുവരെ ബി.ജെ.പിയോടും കോണ്‍ഗ്രസിനോടും തുല്യ അകല്‍ച്ച പാലിക്കുമെന്നാണു പാര്‍ട്ടി നേതാവ് വൈ.എസ്. ജഗന്‍ മോഹന്‍ റെഡ്ഡിയുടെ നിലപാട്.

നിലവിലെ സാഹചര്യത്തില്‍ യു.പിയില്‍ ഒറ്റയ്ക്കു മത്സരിക്കുകയെന്ന സാധ്യത മാത്രമാണു കോണ്‍ഗ്രസിനു മുന്നിലുള്ളതെന്നാണു ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഇത്തരമൊരു നീക്കത്തിലൂടെ കഴിഞ്ഞ തവണത്തേതിനേക്കാള്‍ പ്രകടനം മെച്ചപ്പെടുത്താനായാല്‍ പ്രവര്‍ത്തകരുടെയും നേതാക്കളുടെയും ആത്മവിശ്വാസം വര്‍ധിപ്പിക്കാന്‍ കഴിയുമെന്നു കരുതുന്നവരും കുറവല്ല. മുമ്പു രണ്ടുവട്ടം യു.പിയില്‍ എസ്.പിയുമായും ബി.എസ്.പിയുമായും ചേര്‍ന്നു കോണ്‍ഗ്രസ് മത്സരിച്ചിരുന്നു.

എങ്കിലും കോണ്‍ഗ്രസ് വോട്ട് സഖ്യത്തിനു ലഭിച്ചില്ലെന്നും ഇതു ബി.ജെ.പിയുടെ വിജയത്തിനാണു വഴിവച്ചെന്നും ആക്ഷേപം ഉയര്‍ന്നിരുന്നു. കോണ്‍ഗ്രസിനെ പരമ്പരാഗതമായി തുണയ്ക്കുന്ന മുന്നോക്ക, നഗര വോട്ടര്‍മാര്‍ സഖ്യംതഴഞ്ഞു ബി.ജെ.പിക്കു വോട്ട് ചെയ്തതാണു തിരിച്ചടിച്ചതെന്നാണ് വിലയിരുത്തല്‍. ഈ സാഹചര്യം ആവര്‍ത്തിക്കാതിരിക്കാനുള്ള തന്ത്രമെന്ന നിലയില്‍ നേതാക്കള്‍ തമ്മിലുള്ള ധാരണപ്രകാരം സഖ്യത്തില്‍നിന്നു കോണ്‍ഗ്രസിനെ ഒഴിവാക്കുകയായിരുന്നെന്നും സൂചനയുണ്ട്. കോണ്‍ഗ്രസിനോടുള്ള ഔദാര്യമെന്ന നിലയില്‍ സഖ്യം അമേഠിയിലും റായ്ബറേലിയും സ്ഥാനാര്‍ഥികളെ നിര്‍ത്തില്ലെന്നാണ് സൂചന. യുപിയില്‍ കോണ്‍ഗ്രസിനെ കാത്തിരിക്കുന്നത് അഗ്നിപരീക്ഷയാണെന്നു ചുരുക്കം.

Related posts