അതിഥിയായെത്തി, വിശേഷങ്ങള്‍ ചോദിച്ചറിഞ്ഞ്, കുട്ടികളെ കൊഞ്ചിച്ച്, വീട്ടുകാരനായി! യൂസഫലിയുടെ അബുദാബിയിലെ വീട് സന്ദര്‍ശിക്കുന്ന രാഹുല്‍ഗാന്ധിയുടെ ചിത്രങ്ങളും വീഡിയോയും വൈറല്‍

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയുടെ യുഎഇ സന്ദര്‍ശനം വലിയ തരംഗമായിരുന്നു. എന്നാല്‍ അതിനോടൊപ്പം ശ്രദ്ധയാകര്‍ഷിച്ചിരിക്കുകയാണ് രാഹുല്‍ ഗാന്ധി, മലയാളി വ്യവസായ പ്രമുഖന്‍ യൂസഫലിയുടെ വീട്ടില്‍ നടത്തിയ സന്ദര്‍ശനം.

രണ്ട് ദിവസത്തെ യുഎഇ സന്ദര്‍ശനത്തിനെത്തിയ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വ്യവസായി പ്രമുഖന്‍ എംഎ യൂസഫലിയുടെ വീട്ടിലും സന്ദര്‍ശനത്തിനെത്തി. അബൂദാബിയിലെ യൂസഫലിയുടെ വസതിയിലേക്കാണ് രാഹുല്‍ ഗാന്ധി അതിഥിയായി എത്തിയത്. വെളളിയാഴ്ചത്തെ പൊതുപരിപാടിക്കു ശേഷം ശനിയാഴ്ച ആദ്യം പോയത് യൂസഫലിയുടെ വീട്ടിലേയ്ക്കായിരുന്നു. യൂസഫലിയും കുടുംബാംഗങ്ങളും ചേര്‍ന്ന് രാഹുല്‍ ഗാന്ധിയെ സ്വീകരിച്ചു.

യൂസഫലിയുടെ ഭാര്യ സാബിറ, മകള്‍ ഷിഫ, മരുമക്കളായ ഡോ. ഷംസീര്‍ വയലില്‍, അദീബ് അഹമ്മദ്, ഷാരോണ്‍, സഹോദരന്‍ എം.എ അഷറഫ് അലി എന്നിവര്‍ ചേര്‍ന്ന് രാഹുലിനെ സ്വീകരിച്ചു. രാഹുല്‍ ഗാന്ധിയുടെ യൂസഫലിയുടെ വീട് സന്ദര്‍ശനത്തിന്റെ വീഡിയോ നിരവധിയാളുകളാണ് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കുന്നത്.

അതേസമയം, രാഹുല്‍ ഗാന്ധിയെ കാണാനും കേള്‍ക്കാനും പതിനായിരങ്ങളാണ് ദുബായ് ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ തടിച്ചൂകൂടിയത്. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി യുഎഇയിലെത്തിയ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് ഉജ്ജ്വല വരവേല്‍പ്പാണ് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം നല്‍കിയത്.

Related posts