അബുദാബി: ഇന്ത്യന്‍ ഫുട്ബോളിൽ ചരിത്രം കുറിക്കാൻ സുനിൽ ഛേത്രിയും സംഘവും. ജയിച്ചാൽ ഇന്ത്യയുടെ നീ ലപ്പട എഎഫ്സി ഏഷ്യന്‍ കപ്പിന്റെ ചരിത്രത്തിൽ ആദ്യമായി പ്രീക്വാർട്ടറിൽ കടന്ന് ചരിത്രം കുറിക്കും. ഗ്രൂപ്പ് എയിലെ അവസാന മത്സരത്തില്‍ ബെഹറിനാണ് ഇന്ത്യയുടെ എതിരാളി.
ഇതുവരെ ഒരു ജയംപോലുമില്ലാത്ത ബെഹറിനെ പരാജയപ്പെടുത്തിയാല്‍ ഇന്ത്യയുടെ നോക്കൗട്ട് പ്രവേശനം അവിസ്മരണീയമാകും. 1964ൽ ഇന്ത്യ റണ്ണേഴ്സ് അപ്പായിരുന്നു. എന്നാൽ, ആ ടൂർണമെന്റ് നാലു ടീമുകൾ മാത്രമുണ്ടായിരുന്ന റൗണ്ട് റോബി ൻ അടിസ്ഥാനത്തിലാ യിരുന്നു.
ഗ്രൂപ്പില്‍ ഒരു ജയവും ഒരു തോല്‍വിയുമുള്ള ഇന്ത്യ രണ്ടാം സ്ഥാനത്താണ്. ഗ്രൂപ്പിലെ ആദ്യ മത്സരത്തില്‍ തായ്ലന്‍ഡിനെതിരേ തകര്‍പ്പന്‍ പ്രകടനം നടത്തിയാണ് ഇന്ത്യ 4-1ന് ജയിച്ചത്. രണ്ടാം മത്സരത്തില്‍ ആതിഥേയരായ യുഎഇയ്ക്കെതിരേ മികച്ച പ്രകടനം നടത്തിയെങ്കിലും 2-0ന് ഇന്ത്യ തോറ്റു. മത്സരത്തില്‍ നിരവധി ഗോളവസരങ്ങള്‍ ലഭിച്ചെങ്കിലും ഒന്നും ഗോളാക്കാനായില്ല.
പ്രതിരോധവും മധ്യനിരയും മികച്ചത്
ഇന്ത്യയുടെ പ്രതിരോധവും മധ്യനിരയും മികച്ച രീതിയിലാണ് മുന്നോട്ടുപോകുന്നതെന്ന് വ്യക്തമാക്കുന്നതായിരുന്നു കഴിഞ്ഞ മത്സരങ്ങള്‍. ഗോള്‍കീപ്പര്‍ ഗുര്‍പ്രീത് സിംഗ് സന്ധു ഗോള്‍പോസ്റ്റിനു കീഴില്‍ തകര്‍പ്പന്‍ പ്രകടനമാണ് നടത്തുന്നത്. സന്ദേശ് ജിംഗന്, അനസ് എടത്തൊടിക എന്നിരടങ്ങുന്ന പ്രതിരോധത്തിലെ ചില പാളിച്ചകളാണ് യുഎഇക്കെതിരേ സംഭവിച്ചത്.
മധ്യനിരയില്‍ പ്രണോയ് ഹല്‍ദറും അനിരുദ്ധ് ഥാപ്പയും പന്തുകള്‍ പിടിച്ചെടുക്കുന്നതിനും മുന്നേറ്റനിരയ്ക്കു നല്‍കുന്നതിനും വിജയിക്കുന്നുണ്ട്. വിംഗുകളില്‍ ഉദാന്ത സിംഗും ആഷിഖ് കുരുണിയനും വേഗത്തിലുള്ള നീക്കങ്ങളാണ് നടത്തുന്നത്. ഇവരുടെ നീക്കങ്ങള്‍ യുഎഇ പ്രതിരോധത്തിനു തലവേദന ഉയര്‍ത്തുന്നതായിരുന്നു.
മുന്നേറ്റനിര കൃത്യത വീണ്ടെടുക്കണം
യുഎഇക്കെതിരേ ക്യാപ്റ്റന്‍ സുനില്‍ ഛേത്രി അടങ്ങുന്ന മുന്നേറ്റനിരയുടെ കൃത്യതയില്ലായ്മയാണ് ഗോള്‍ നേടുന്നതില്‍നിന്ന് ഇന്ത്യയെ തടഞ്ഞത്. അല്ലെങ്കില്‍ മത്സരഫലം ഇന്ത്യക്ക് അനുകൂലമായി മാറിയേനെ. ഇന്ത്യയുടെ മുന്നേറ്റനിര മികച്ചതാണെന്ന് തായ്ലന്ഡിനെതിരേയുള്ള മത്സരം തെളിയിച്ചിരുന്നു. ഇന്ന് ബെഹറിനെതിരേ മുന്നേറ്റനിര കൂടി കൃത്യത പാലിച്ചാല്‍ സ്റ്റീഫന്‍ കോണ്‍സ്റ്റന്റൈന്റെ ശിക്ഷ്യര്‍ക്ക് പ്രീക്വാര്‍ട്ടറിലേക്കു മുന്നേറാം.
തന്ത്രങ്ങള്‍ മികച്ചത്
യുഎഇയ്ക്കെതിരേ ജെജെ ലാല്പെകുലയ്ക്കു പകരം ആഷിഖിനെ ഇറക്കിയ കോണ്‍സ്റ്റന്റൈന്റെ തന്ത്രം മികച്ചതായിരുന്നു. ആഷിഖ് വേഗമേറിയ നീക്കങ്ങള്‍ക്കൊണ്ട് പ്രതിരോധനിരക്കാരെ കബളിപ്പിച്ചപ്പോള്‍ ഛേത്രിക്ക് കൂടുതല്‍ സ്പെയ്്സ് ലഭിച്ചു. പ്രതിരോധക്കാര്‍ ഒന്നടങ്കം ആഷിഖിനു പിന്നാലെയായിരുന്നു. ഈ തന്ത്രം തന്നെ പയറ്റാനാകും കോണ്സ്റ്റന്റൈന് ഇന്നും ശ്രമിക്കുക. പകരക്കാരനായി ഇറങ്ങുന്ന ജെജെയ്ക്കും അവസരം നന്നാക്കാനാകുന്നുണ്ട്.
സമനിലയാണെങ്കിലും ഇന്ത്യയുടെ പ്രീക്വാര്‍ട്ടര്‍ പ്രതീക്ഷകള്‍ അവസാനിക്കില്ല. ഇന്ത്യ മൂന്നാം സ്ഥാനത്താണെത്തുന്നതെങ്കില് മികച്ച മൂന്നാം സ്ഥാനക്കാര്‍ക്കും പ്രീക്വാര്‍ട്ടര്‍ പ്രവേശനമുണ്ട്. ജയത്തോടെ പ്രീക്വാര്‍ട്ടര്‍ തന്നെയാകും ഇന്ത്യയുടെ ലക്ഷ്യം. നിലവിലെ ഫോമില്‍ ഇന്ത്യക്ക് ആ കടമ്പ അപ്രാപ്യവുമല്ല.
ചരിത്രം ബെഹറിനൊപ്പം
ബെഹറിനുമായി കഴിഞ്ഞ അഞ്ചു മത്സരങ്ങളില്‍ ഏറ്റുമുട്ടിയപ്പോള്‍ ഒരിക്കല്‍പ്പോലും ഇന്ത്യക്കു ജയിക്കാനായിട്ടില്ല. 2011 ജനുവരി 14ന് അവസാനമായി ഏറ്റുമുട്ടിയപ്പോള്‍ ബെഹറിന് 5-2ന് ജയിച്ചു. എന്നാൽ, ആ അവസ്ഥയില്‍നിന്ന് ഇന്ന് ഇന്ത്യന്‍ ടീം വളരെയേറെ വളര്‍ന്നു കഴിഞ്ഞു. അത് തെളിയിക്കുന്നതായിരുന്നു കഴിഞ്ഞ മത്സരങ്ങള്‍.