മൂന്നാം വയസില്‍ ലോക രാജ്യങ്ങളും തലസ്ഥാനങ്ങളും കാണാപ്പാഠം! പതിനാറാം വയസില്‍ എന്‍ജിനീറിംഗ് ബിരുദവും എംബിഎ പ്രവേശന പരീക്ഷയില്‍ 95 ശതമാനവും; അത്ഭുതമായി പെണ്‍കുട്ടി

അത്ഭുതങ്ങള്‍ സൃഷ്ടിച്ച് ലോകത്തെ ഞെട്ടിക്കുന്നവര്‍ ധാരാളമുണ്ട്. പലവിധത്തിലുള്ള തങ്ങളുടെ അസാമാന്യ കഴിവുകള്‍ തെളിയിച്ചിട്ടുള്ളവരാണവര്‍. അത്തരക്കാരെ പൊതുവെ വിളിക്കുന്ന പേരാണ് സൂപ്പര്‍മാന്‍ അഥവാ സൂപ്പര്‍വുമണ്‍ എന്നത്.

ഇത്തരത്തില്‍ ചെറുപ്രായത്തിനിടെ അസാമാന്യമായ ചില നേട്ടങ്ങള്‍ സ്വന്തമാക്കി താരമാക്കി സൂപ്പര്‍വുമണ്‍ എന്ന പേര് നേിയിരിക്കുകയാണ് സംഹിത കാശിഭട്ട എന്ന പതിനേഴുകാരി. രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ എഞ്ചിനീയര്‍ എന്ന ഖ്യാതി നേടിയാണ് രാജ്യത്തിന് തന്നെ അഭിമാനമായി ഇവള്‍ മാറിയിരിക്കുന്നത്. 2018ലെ കോമണ്‍ അഡ്മിഷന്‍ ടെസ്റ്റില്‍ (CAT) വിജയിയായും തെലങ്കാനയില്‍ നിന്നുള്ള ഈ പെണ്‍കുട്ടി പുതിയ നേട്ടം കരസ്ഥമാക്കി. 16ാം വയസിലാണ് ഇലക്ട്രോണിക് എന്‍ജിനീയറിങ് ബിരുദം സംഹിത സ്വന്തമാക്കിയത്.

ഇപ്പോള്‍, CAT പരീക്ഷ വിജയിയായ ഏറ്റവും പ്രായം കുറഞ്ഞയാളെന്ന ഖ്യാതിയും ഈ അത്ഭുത പെണ്‍കുട്ടി സ്വന്തമാക്കി. സംഹിതയുടെ ആദ്യശ്രമം കൂടിയായിരുന്നു ഇത്തവണത്തേത്. 95.95 ശതമാനം മാര്‍ക്ക് നേടിയാണ് സംഹിത വിജയം കരസ്ഥമാക്കിയത്.

മത്സരപ്പരീക്ഷകളില്‍ മികച്ച വിജയം നേടിയ ഈ പെണ്‍കുട്ടി, പത്ത് വയസ് പ്രായമുള്ളപ്പോഴാണ് പത്താംതരത്തില്‍ ഉയര്‍ന്ന വിജയം നേടിയെടുത്തത്. സാധാരണ വിദ്യാര്‍ത്ഥികള്‍ നാലാം തരം പഠിച്ചെടുക്കാന്‍ പാടുപെടുന്ന സമയത്തു തന്നെ പത്താം ക്ലാസില്‍ ഉന്നതവിജയം നേടിയ സംഹിത, 12-ാം വയസില്‍ പ്ലസ്ടു വിജയവും സ്വന്തമാക്കി. പത്താം ക്ലാസില്‍ ഗണിതത്തിലും ശാസ്ത്ര വിഷയങ്ങളിലും പത്തില്‍ പത്ത് ഗ്രേഡ് പോയിന്റും പ്ലസ് ടുവിന് 86.6 ശതമാനം മാര്‍ക്കും നേടിയാണ് സംഹിത വിജയിച്ചത്.

മറ്റുകുട്ടികള്‍ വാക്കുകള്‍ കൂട്ടിവായിക്കാന്‍ പഠിക്കുന്ന സമയത്ത്, ഓര്‍മശക്തിയുടെ പേരിലായിരുന്നു സംഹിത അറിയപ്പെട്ടത്. രാജ്യങ്ങളുടെ തലസ്ഥാനവും പതാകകളും സംഹിതയ്ക്ക് മൂന്നാം വയസില്‍ കാണാപ്പാഠമായിരുന്നു. അഞ്ച് വയസുള്ളപ്പോള്‍ സംഹിത ലേഖനങ്ങളെഴുതാനും ചിത്രം വരയ്ക്കാനും ആരംഭിച്ചു. സൗരയൂഥത്തെ കുറിച്ച് സംഹിത എഴുതിയ ലേഖനം ശ്രദ്ധയില്‍പ്പെട്ട മുന്‍ രാഷ്ട്രപതി ഡോ. എപിജെ അബ്ദുള്‍ കലാം അവളെ പ്രത്യേകം അഭിനന്ദിച്ചിരുന്നു. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയേക്കുറിച്ചുള്ള ലേഖനത്തിന് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെ പ്രശംസയും സംഹിതയ്ക്ക് ലഭിച്ചിരുന്നു. ഐഐഎമ്മില്‍ നിന്ന് ഫിനാന്‍സില്‍ എംബിഎ കരസ്ഥമാക്കുക എന്നതാണ് സംഹിതയുടെ അടുത്ത ലക്ഷ്യം.

Related posts