ചാരുംമൂട്: പ്രവാസ ലോകത്തെ ജീവിതത്തിനിടയിൽ അധ്വാനിച്ചുണ്ടാക്കിയ പണംകൊണ്ട് നാട്ടിൽ വാങ്ങിയ ഭൂമിയിൽ അരയേക്കർ ഭൂമി വീടില്ലാത്ത പാവപ്പെട്ട പത്തുകുടുംബങ്ങൾക്ക് ദാനം നൽകി ദന്പതികളുടെ കാരുണ്യ മാതൃക. വള്ളികുന്നം ഇലിപ്പക്കുളം വൈശാഖത്തിൽ വേലായുധൻ നായരും(68), ഭാര്യ ഓമനയമ്മ (65 )യുമാണ് നാല്പത് വർഷത്തെ പ്രവാസി ജീവിതത്തിനിടെ സന്പാദിച്ച ഭൂമി കിടപ്പാടമില്ലാത്ത പത്ത് പാവപ്പെട്ട കുടുംബങ്ങളെ കണ്ടെത്തി നൽകിയത്.
പാലമേൽ ഉളവുക്കാട് പ്രാഥമിക കുടുംബാരോഗ്യ കേന്ദ്രത്തിനു സമീപം മെയിൻ റോഡിന് സമീപത്ത് ലക്ഷങ്ങൾ വിലമതിക്കുന്ന ഭൂമിയാണ് ഇവർ ദാനം നൽകിയത്.ആദ്യ ഘട്ടമായി കൃഷിപ്പണിയും മറ്റും ചെയ്ത് സ്വന്തമായി വീടില്ലാതെ കഴിയുന്ന അഞ്ചുകുടുംബങ്ങൾക്ക് വസ്തു നൽകി ഇതിന്റെ രജിസ്ട്രേഷൻ നടപടികൾ നൂറനാട് സബ് രജിസ്ട്രാർ ഓഫീസിൽ പൂർത്തിയാക്കി.
ബാക്കിയുള്ള അഞ്ചു കുടുംബകൾക്കുള്ള നടപടിക്രമങ്ങൾ പൂർത്തിയായി വരുകയാണ്. വേലായുധൻ നായരും ഭാര്യ ഓമനയമ്മയും നീണ്ട പ്രവാസി ജീവിതത്തിനുശേഷം ഇപ്പോൾ നാട്ടിൽ വിശ്രമജീവിതം നയിച്ചു വരുകയാണ്. മക്കളയായ സജീവ്.വി.നായർ, മനോജ് വി.നായർ എന്നിവരും മാതാപിതാക്കളുടെ തീരുമാനത്തിന് പൂർണ പിന്തുണ നൽകി.