സ്വന്തം ലേഖകൻ
തൃശൂർ: ആയുർവേദ ഔഷധ സസ്യങ്ങൾ നട്ടുവളർത്തുന്നതു വ്യാപകമാക്കണമെന്നും അവയുടെ വിപണനം സാധ്യമാക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്ത്യയിലെ ആദ്യത്തെ ആയുർവേദ സ്പോർട്സ് ആശുപത്രിയും, ഒൗഷധി പഞ്ചകർമ ആശുപത്രി ആൻഡ് റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ പുതിയ മന്ദിരവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആയുർവേദ ഒൗഷധങ്ങൾക്ക് ആവശ്യമായ ഒൗഷധസസ്യങ്ങൾ കിട്ടാനില്ല. വിദ്യാലയങ്ങളിലും വീടുകളിലുമെല്ലാം ഒൗഷധസസ്യങ്ങൾ നട്ടുവളർത്തണം. അവ പണം നൽകി സംഭരിക്കാനുള്ള ക്രമീകരണവും വേണം. ആയുർവേദ, പഞ്ചകർമ ചികിത്സകളും ആയുർവേദ ഒൗഷധങ്ങളും നല്കുന്ന നിരവധി സ്ഥാപനങ്ങളുണ്ട്. അവയിൽ മികവില്ലാത്തവയുമുണ്ട്. ഇത്തരത്തിലുള്ളവയെ തടയുകയും മികച്ചവയെ പ്രോത്സാഹിപ്പിക്കുകയും വേണം. വ്യത്യസ്ത ചികിത്സാരീതികളെ ഒരേ മേൽക്കൂരയിൽ ലഭ്യമാക്കുന്നതും അഭികാമ്യമാണ്: മുഖ്യമന്ത്രി പറഞ്ഞു.
ആരോഗ്യമന്ത്രി കെ.കെ. ശൈലജ അധ്യക്ഷത വഹിച്ചു. മന്ത്രിമാരായ എ.സി. മൊയ്തീൻ, വി.എസ്. സുനിൽകുമാർ, മേയർ അജിത വിജയൻ, സി.എൻ. ജയദേവൻ എംപി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ്, ഭാരതീയ ചികിത്സാ വകുപ്പ് ഡയറക്ടർ ഡോ. അനിത ജേക്കബ്, ഒൗഷധി ചെയർമാൻ കെ.ആർ. വിശ്വംഭരൻ, മാനേജിംഗ് ഡയറക്ടർ കെ.വി. ഉത്തമൻ, ജില്ലാ കളക്ടർ ടി.വി. അനുപമ, എൻഎഎം സ്റ്റേറ്റ് മിഷൻ ഡയറക്ടർ കേശവേന്ദ്രകുമാർ, ഡിഎംഒ ഡോ. എസ്. ഷിബു എന്നിവർ പ്രസംഗിച്ചു.
സ്പോർട്സ് ആശുപത്രിയിൽ 50 പേരെ കിടത്തി ചികിത്സിക്കാം. രണ്ടു പുരുഷ വാർഡുകളിലായി 30 പേർക്കും ഒരു വനിതാ വാർഡിൽ 15 പേർക്കുമുള്ള ബെഡ് ഉണ്ട്. എയർകണ്ടീഷൻ ചെയ്ത അഞ്ചു സ്യൂട്ട് റൂമുകളുമുണ്ട്. ഓപ്പറേഷൻ തിയേറ്റർ, റേഡിയോളജി, ക്ലിനിക്കൽ ലബോറട്ടറി എന്നിവ അടക്കമുള്ള ആധുനിക സൗകര്യങ്ങൾ ഇവിടെയുണ്ട്.
കണ്ടീഷനിംഗ് ട്രീറ്റ്മെന്റ്, ഇൻജുറി മാനേജുമെന്റ്, മത്സരങ്ങൾക്കു ശേഷം ആരോഗ്യപാലന ചികിത്സ എന്നിവയ്ക്കും സൗകര്യമുണ്ട്. ഒൗഷധിയുടെ പഞ്ചകർമ ആശുപത്രിയിൽ ബുക്കിംഗ് വർധിച്ചതുമൂലമാണ് പുതിയ പഞ്ചകർമ ആശുപത്രിമന്ദിരംകൂടി ആരംഭിച്ചത്. മൂന്നു നിലകളിൽ 50 ബെഡുള്ള ആശുപത്രിയാണ് ഉദ്ഘാടനം ചെയ്തത്.