കൽപ്പറ്റ: വയനാട് വന്യജീവി സങ്കേതത്തിന്റെ ആഭിമുഖ്യത്തിൽ വന്യജീവി സങ്കേതത്തിലും നോർത്ത്, സൗത്ത് ഡിവിഷനുകളിലും നടത്തിയ സർവേയിൽ 27 ഇനം പരുന്തുകളെ കണ്ടെത്തി. അഞ്ചിനം മൂങ്ങകൾ, നാലിനം കഴുകൻമാർ എന്നിവയേയും കാണാനായി.
ഇരപിടിയൻ പരുന്തുകളെ കണ്ടെത്താനായി നടത്തിയ സർവേയിൽ ആകെ 220 ഇനം പക്ഷികളെ കണ്ടു. വനത്തിൽ 16 ബേസ് ക്യാന്പുകളിലായി 10നു വൈകുന്നേരം മുതൽ 13നു രാവിലെ വരെയായിരുന്നു സർവേ. കടുവ, ആന, കാട്ടുപോത്ത്, പുള്ളിപ്പുലി തുടങ്ങിയ സസ്തനികളെയും സർവേയിൽ കണ്ടതായി ടീം അംഗങ്ങൾ പറഞ്ഞു.
വൈൽഡ് ലൈഫ് വാർഡൻ എൻ.ടി. സാജൻ, അസിസ്റ്റന്റ് ഡപ്യൂട്ടി ഫോറസ്റ്റ് കണ്‍സർവേറ്റർ രമേഷ് ബിഷ്ണോയി, അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സർവേറ്റർ അജിത് കെ. രാമൻ, അസിസ്റ്റന്റ് വൈൽഡ് ലൈഫ് വാർഡൻ രമ്യ രാഘവൻ, വൈൽഡ് ലൈഫ് അസിസ്റ്റന്റ് രാഹുൽ രവീന്ദ്രൻ, കണ്‍സർവേഷൻ ബയോളജിസ്റ്റ് വിഷ്ണു ഓമനക്കുട്ടൻ എന്നിവർ സർവേയ്ക്കു നേതൃത്വം നൽകി.