മലപ്പുറം: ഹൈടെക് സാങ്കേതിക വിദ്യകളുപയോഗിച്ചു വിവിധ രീതിയിലുള്ള ഓണ്‍ലൈൻ തട്ടിപ്പുകൾ നടത്തിവരികയായിരുന്ന കാമറൂണ്‍ നോർത്ത് വെസ്റ്റ് റീജിയണ്‍ സ്വദേശിയായ സംഘത്തലവനെ റിമാൻഡ് ചെയ്തു. മൈക്കിൾ ബൂൻവി ബോൻവ (29)യെയാണ് മഞ്ചേരി പോലീസ് ഹൈദരാബാദിൽ നിന്നു അറസ്റ്റ് ചെയ്തത്. തുടർന്നു കോടതിയിൽ ഹാജരാക്കിയ ഇയാൾ റിമാൻഡിലാണ്.
സംഘത്തിൽ ഏതാനും പേർ കൂടി ഉള്ളതായാണ് പോലീസിനു ലഭിച്ച വിവരങ്ങൾ. ഇവർക്കായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇതോടെ ഓണ്‍ലൈൻ തട്ടിപ്പ് കേസിൽ മഞ്ചേരി പോലീസ് സ്റ്റേഷനിൽ കഴിഞ്ഞ ആറു മാസത്തിനിടെ അറസ്റ്റിലായ പ്രതികളുടെ എണ്ണം എട്ടായി. പ്രതിയുടെ താമസസ്ഥലം മനസിലാക്കി തന്ത്രപരമായി നടത്തിയ അന്വേഷണത്തിലൂടെ പുലർച്ചെയാണ് പ്രതിയെ കണ്ടെത്താൻ പോലീസിനു സാധിച്ചത്.
ഇതേ കേസിലെ കാമറൂണ്‍ സ്വദേശികളായ രണ്ടു പേരെ കഴിഞ്ഞ മാസം മഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇടക്കിടെ താമസസ്ഥലം മാറ്റുന്ന മൈക്കിൾ ബൂൻവി ബോൻവയെ കണ്ടെത്താൻ വളരെ പ്രയാസമായിരുന്നു. മെഡിക്കൽ വിസയിലാണ് ഇയാൾ ഇന്ത്യയിൽ എത്തിയത്. എന്നാൽ ബന്ധപ്പെട്ട ഫോറീനേഴ്സ് ബ്രാഞ്ചിൽ രജിസ്റ്റർ ചെയ്യുകയോ വിസ പുതുക്കുകയോ ചെയ്യാതെ അനധികൃതമായി രാജ്യത്തു തങ്ങുകയായിരുന്നു ഇയാൾ.
മഞ്ചേരിയിലെ ഒരു സ്ഥാപനത്തിന്റെ പേരും രശീതികളും വെബ്സൈറ്റും മറ്റും ഉപയോഗിച്ചു വിവിധ ഉത്പന്നങ്ങൾ വാഗ്ദാനം ചെയ്ത് പണം തട്ടിയെന്നു ഇതരസംസ്ഥാനത്തിലെ ഒരാളുടെ പരാതിയിൽ നടത്തിയ കേസന്വേഷണത്തിലാണ് ഇയാൾ പിടിയിലായത്. പിടിയിലായവരിൽ നിന്നു നിന്നു തട്ടിപ്പിനുപയോഗിച്ചിരുന്ന മൊബൈൽ ഫോണുകൾ, സിം കാർഡുകൾ, റൂട്ടറുകൾ, ലാപ്ടോപ്പുകൾ തുടങ്ങി നിരവധി സാധനങ്ങൾ പിടിച്ചെടുത്തിട്ടുണ്ട്.
ഇതര സംസ്ഥാനങ്ങളിലുള്ളവരും മറ്റു രാജ്യക്കാരും ഈ സംഘത്തിന്റെ തട്ടിപ്പിനിരയായിട്ടുണ്ടെന്നു പോലീസിനു സൂചനകൾ ലഭിച്ചിട്ടുണ്ട്. മലപ്പുറം ജില്ലാ പോലീസ് മേധാവി പ്രതീഷ് കുമാറിന്റെ നിർദേശ പ്രകാരം ഡിവൈഎസ്പി ജലീൽ തോട്ടത്തിൽ, മഞ്ചേരി സിഐ എൻ.ബി. ഷൈജു, എസ്ഐ ജലീൽ കറുത്തേടത്ത് എന്നിവരുടെ മേൽനോട്ടത്തിൽ സൈബർ ഫോറൻസിക് ടീം അംഗം എൻ.എം. അബ്ദുള്ള ബാബു, സ്പെഷൽ ഇൻവെസ്റ്റിഗേഷൻ ടീം അംഗങ്ങളായ ടി.പി. മധുസൂദനൻ, ഹരിലാൽ, ലിജിൻ, ഷഹബിൻ എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.