തലശേരി: കടുത്ത അക്രമഭീഷണി നിലനിൽക്കുന്നുവെന്ന ഇന്റലിജൻസ് റിപ്പോർട്ടുകൾക്കിടയിൽ ശബരിമല ദർശനം നടത്തിയ ബിന്ദു അമ്മിണി ദിവസങ്ങൾക്കു ശേഷം ഇന്നു ജോലിയിൽ പ്രവേശിച്ചു. കണ്ണൂർ യൂണിവേഴ്സിറ്റിയുടെ പാലയാട് കാമ്പസിലെ ലീഗൽ സ്റ്റഡീസിലെ അസിസ്റ്റന്റ് പ്രഫസറായ ഇവർ രാവിലെ രണ്ടു സുഹൃത്തുക്കളോടൊപ്പമാണു നാട്ടിൽ നിന്നും തലശേരിയിലെത്തിയത്.
ബസ് മാർഗ്ഗം പാലയാട് ബസ് സ്റ്റോപ്പിലിറങ്ങിയ ബിന്ദു 500 മീറ്റർ അകലെയുള്ള കാമ്പസിലേക്കു നടന്നാണു പോയത്. അക്രമഭീഷണി നിലനിൽക്കുന്നതിനാൽ ധർമടം പോലീസ് കാമ്പസ് പരിസരത്തു സുരക്ഷ ഒരുക്കിയിരുന്നു. എന്നാൽ യാതൊരു അനിഷ്ടസംഭവങ്ങളുമുണ്ടായില്ല.
അക്രമഭീഷണി ഉള്ളതിനാലാണു വരാൻ വൈകിയതെന്നും വിദ്യാർഥികൾ ഉൾപ്പെടെയുള്ളവർ നൽകിയ പിന്തുണയെ തുടർന്നാണു ജോലിക്കെത്തിയതെന്നും ബിന്ദു പറഞ്ഞു.