തിരുവനന്തപുരം: ചലച്ചിത്ര സംവിധായകൻ ലെനിൻ രാജേന്ദ്രന്റെ മൃതദേഹം ചെന്നൈയിൽ നിന്നും ഇന്ന് തിരുവനന്തപുരത്തെത്തിക്കും. വൈകുന്നേരത്തോടെ വിമാനമാർഗം തിരുവനന്തപുരത്തെത്തിക്കുന്ന മൃതദേഹം പണ്ഡിറ്റ് കോളനിയിലെ വീട്ടിൽ പൊതുദർശനത്തിന് വയ്ക്കും.
പിന്നീട് ചലച്ചിത്ര അക്കാദമി ആസ്ഥാനമായ കലാഭവനിലും പൊതുദർശനത്തിന് വയ്ക്കും. നിലവിൽ കേരള ചലച്ചിത്ര വികസന കോർപറേഷൻ ചെയർമാനാണ്. നാളെ ഉച്ചയ്ക്ക് തൈക്കാട് ശാന്തികവാടത്തിലാണ് സംസ്കാര ചടങ്ങുകൾ നടക്കുന്നത്. ഇന്നലെ രാത്രി എട്ടരയോടെയാണ് ലെനിൻ രാജേന്ദ്രൻ ചെന്നൈയിലെ അപ്പോളോ ആശുപത്രിയിൽ വച്ച് മരണമടഞ്ഞത്. കരൾ രോഗബാധയെ തുടർന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു അദ്ദേഹം.
പ്രശസ്ത ചലച്ചിത്ര സംവിധായകനായിരുന്ന പി.എ.ബക്കറിന്റെ അസിസ്റ്റന്റായി ചലച്ചിത്ര രംഗത്തെത്തിയ ലെനിൻ രാജേന്ദ്രൻ നിരവധി സിനിമകൾ സംവിധാനം ചെയ്തിട്ടുണ്ട്. 1981 ൽ പുറത്തിറങ്ങിയ വേനലിലൂടെയാണ് അദ്ദേഹം ആദ്യമായി സംവിധാന രംഗത്തെത്തിയത്.
മഴ, ദൈവത്തിന്റെ വികൃതികൾ, സ്വാതി തിരുന്നാൾ, രാത്രിമഴ, മകരമഞ്ഞ്, ഇടവപ്പാതി ഉൾപ്പെടെ നിരവധി ചലച്ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്. സംസ്ഥാന സർക്കാരിന്റെ ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾക്ക് അർഹനായിട്ടുണ്ട്. ഒറ്റപ്പാലത്ത്്് 1989 ലും 1991 ലും സിപിഎം സ്ഥാനാർഥിയായി ലോക്സഭയിലേക്ക് മത്സരിച്ചിരുന്നു.