ചന്ദനപ്പള്ളി: സ്വന്തം പാടത്ത് നൂറുമേനി വിളവെടുത്ത് മാതൃകയാകുകയാണ് വീണാ ജോർജ് എംഎൽഎ. ചന്ദനപ്പള്ളി അങ്ങാടിക്കലിലെ വീടിനോടു ചേർന്നു സ്വന്തമായുള്ള ആറ് ഏക്കർ പാടശേഖരത്തിൽ രണ്ടു പതിറ്റാണ്ടിനുശേഷം ഇറക്കിയ കൃഷിയിലൂടെ നൂറുമേനി വിളവ് ലഭിച്ചതിന്റെ സന്തോഷവും എംഎൽഎയ്ക്കുണ്ട്.
തരിശുകിടന്ന ആറന്മുള പുഞ്ചയിൽ നെൽകൃഷി ഇറക്കുന്നതിന് നേതൃത്വം നൽകിയതുൾപ്പെടെ കാർഷിക മേഖലയ്ക്കു സർക്കാർ നൽകിയ പ്രോത്സാഹനവും സ്വന്തം കൃഷിയിടത്തിൽ കൃഷി ഇറക്കാൻ എംഎൽഎയ്ക്കു പ്രചോദനമായി. ഒൗദ്യോഗിക തിരക്കുകൾക്കിടയിലും സ്വന്തം കൃഷി ഭുമിയിൽ സമയം ചെലവഴിച്ചിരുന്നു.
വീണാ ജോർജ് എംഎൽഎയ്ക്കൊപ്പം ഭർത്താവ് ഡോ.ജോർജ് ജോസഫും പാടത്തു സജീവമായിരുന്നു. ഉമ, ഭാഗ്യ ഇനങ്ങളിൽ പെട്ട നെൽവിത്തുകളാണ് കന്നി കൃഷിയിൽ വീണാ ജോർജും കുടുംബവും പരീക്ഷിച്ചത്. കൃഷിവകുപ്പ് ഉദ്യോഗസ്ഥരുടെ പിന്തുണയും ലഭിച്ചു. പാടത്ത് കൊയ്ത്തിന് എംഎൽഎ തന്നെ തുടക്കമിട്ടു.
ആറന്മുള നിയോജക മണ്ഡലത്തെ തരിശു രഹിത മണ്ഡലമാക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും അതിന്റെ ഭാഗമായി കൂടിയാണ് തന്റെ കൃഷിയിടത്തിലും നെൽകൃഷി ആരംഭിച്ചിട്ടുള്ളതെന്നും വീണാ ജോർജ് പറഞ്ഞു