ചെങ്ങന്നൂർ: എൻഡിഎയ്ക്കും ബിജെപിക്കും അനുകൂലമായി കേരളത്തിലെ ജനം ചിന്തിച്ചു തുടങ്ങിയതായി ബിജെപി സംസ്ഥാന അധ്യക്ഷൻ പി.എസ്. ശ്രീധരൻ പിള്ള.ബിജെപിയുടെയും എൻഡിഎയുടെയും ചരിത്രത്തിൽ കേരളത്തിലുണ്ടായ ഏറ്റവും വലിയ ജനമുന്നേറ്റമാണ് നമ്മൾ കണ്ടത്.
നിരീശ്വരവാദികളുടെ പിടിയിൽ നിന്നു ശന്പരിമലയെ രക്ഷപ്പെടുത്താനുള്ള ശ്രമത്തെ സമാധാനപരമായും നിയമപരമായും ജനാധിപത്യപരമായുള്ള വ്യവസ്ഥ അനുസരിച്ചാണ് നേരിട്ടത്. ശബരിമല വിഷയത്തിൽ 42 ദിവസങ്ങളായി തുടങ്ങിയ സമരം മഹാവിജയമായി കാണുന്നു.
ലോംഗ് മാർച്ച്, സെക്രട്ടേറിയേറ്റ് മാർച്ച്, നിരാഹാര സമരം, രഥയാത്ര തുടങ്ങിയ ജനപിന്തുണയോടെ നടത്തിയ സമരങ്ങൾ എല്ലാം വൻ വിജയമായിരുന്നു. കേരളത്തിൽ രണ്ടു മുന്നണികളുടേയും ഗ്രാഫ് ദുർബലമായി താഴേക്ക് പോയിരിക്കുകയാണ്. ബിജെപിയുടെ ഗ്രാഫ് നേരെ മുകളിലേക്കുയരുകയും ചെയ്തു.
പ്രധാനമന്ത്രി ഇന്നു കൊല്ലത്ത് എത്തി ഒൗപചാരിക മായ തെരഞ്ഞെടുപ്പ് പ്രചരണത്തിനു തുടക്കം കുറിക്കും. എൻഡിഎയുടെദേശീയ സമ്മേളനത്തിൽ കേരളം ബിജെപി ഭരിക്കുമെന്നു ദേശീയ അധ്യക്ഷൻ അമിത് ഷാ പറഞ്ഞത് കേരളത്തിലെ ജനങ്ങളുടെ മനസ് പഠിച്ചതിന്റെ അടിസ്ഥാനത്തിലാണ്.
സെക്രട്ടറിയറ്റ് പടിക്കൽ നടന്നുവരുന്ന സമാധാനപരമായ നിരാഹാര സമരം മുന്നോട്ട് കൊണ്ടു പോകണമെന്നതും എപ്പോൾ അവസാനിപ്പിക്കണമെന്നതും എൻഡിഎ ആണ് തീരുമാനമെടുക്കണ്ടതെന്നും സംസ്ഥാന അധ്യക്ഷൻ ശ്രീധരൻ പിള്ള ചെങ്ങന്നൂരിൽ മാധ്യമ പ്രവർത്തകരോട് പറഞ്ഞു.