കൊച്ചി: പ്രണയം നടിച്ചു പ്ലസ് ടു വിദ്യാർഥിനിയെ തട്ടിക്കൊണ്ടു പോയെന്ന കേസിലെ അന്വേഷണ ഉദ്യോഗസ്ഥരായ ആലുവ റൂറൽ എസ്പിക്കും അന്വേഷണ സംഘത്തിനും ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. കോടതി പലതവണ നിർദേശം നൽകിയിട്ടും പെൺകുട്ടിയെ കണ്ടെത്താൻ വേണ്ടത്ര പരിശ്രമങ്ങൾ റൂറൽ എസ്പി നടത്തിയില്ലെന്ന് ഡിവിഷൻ ബെഞ്ച് ചൂണ്ടിക്കാട്ടി.
2018 നവംബർ എട്ടിന് കാണാതായ പെണ്‍കുട്ടിയെ കണ്ടെത്താൻ പോലീസ് നടത്തിയ നീക്കങ്ങൾ തൃപ്തികരമല്ലെന്നു വ്യക്തമാക്കിയ ഹൈക്കോടതി കേസ് ഡയറി ഹാജരാക്കാനും നിർദേശിച്ചു. പിതാവ് നൽകിയ ഹേബിയസ് ഹർജിയാണ് കോടതി പരിഗണിക്കുന്നത്.
അന്വേഷണം തൃപ്തികരമല്ലെന്ന് ചൂണ്ടിക്കാട്ടിയ കോടതി അന്വേഷണ വിവരങ്ങൾ വ്യക്തമാക്കി റിപ്പോർട്ട് നൽകാൻ റൂറൽ എസ്പിക്ക് നിർദേശം നൽകിയിരുന്നു. എന്നാൽ ജനുവരി എട്ടിന് റൂറൽ എസ്പി നൽകിയ റിപ്പോർട്ടും തൃപ്തികരമല്ലെന്ന് കോടതി പറഞ്ഞു. 21ന് ഹർജി വീണ്ടും പരിഗണിക്കും.