വിശ്വാസത്തിന്റെ പേരില്‍ ആളുകളെ മണ്ടന്മാരാക്കാനായി തന്നെ ഇറങ്ങിത്തിരിച്ചിരിക്കുന്ന നിരവധിയാളുകളുണ്ട്. ആ പേരും പറഞ്ഞ് ജനങ്ങളെ തമ്മില്‍ തല്ലിക്കാനും പലര്‍ക്കും മിടുക്കുണ്ട്. ആളുകളുടെ വിശ്വാസം പല രീതിയിലും മുതലെടുക്കുന്നവരും ഉണ്ട്. ഇതിനെല്ലാമുള്ള ഉദാഹരണങ്ങള്‍ അനുദിനം നാം കാണാറുമുണ്ട്.
ഇപ്പോഴിതാ ഇക്കാര്യത്തില്‍ ആളുകള്‍ക്ക് ഒരു തിരിച്ചറിവും പാഠവുമായി ഫോട്ടോഗ്രാഫറായ ഒരു യുവാവ് രംഗത്തെത്തിയിരിക്കുന്നു. നമ്മുടെ വിശ്വാസത്തെ മുതലെടുക്കാന്‍ വരുന്നവരെ തിരിച്ചറിയണം എന്ന സന്ദേശമാണ് ഇദ്ദേഹം തന്റെ ഒരു അനുഭവക്കുറിപ്പിലൂടെ വ്യക്തമാക്കുന്നത്. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം ഇക്കാര്യം വിവരിച്ചിരിക്കുന്നത്. കുറിപ്പാകട്ടെ സോഷ്യല്‍മീഡിയയില്‍ വൈറലുമാണ്.
തട്ടേക്കാട് പക്ഷിസങ്കേതത്തിലെ ഫോട്ടോഗ്രാഫര്‍ സുധീഷ് തട്ടേക്കാടിന്റെ ഈ കുറിപ്പില്‍ പറയുന്നതിങ്ങനെ…
സുധീഷ് തട്ടേക്കാടിന്റെ ഫേസ്ബുക്ക് പോസ്റ്റ്:
ഇന്ന് ഒരു ഗുഹയ്ക്ക് മുന്നിലായിരുന്നു പക്ഷി നിരീക്ഷണം. മൂന്നു മണിയ്ക്കേ ഗുഹയ്ക്ക് മുന്നില്‍ നിലയുറപ്പിച്ചതാണ്. കുറേ വെള്ളക്കാര്‍ ഗുഹയ്ക്കകത്തേക്ക് നോക്കി നില്‍ക്കുന്നത് കണ്ട് ധാരാളം ടാക്സികള്‍ വന്ന് നിര്‍ത്തുന്നു. എന്താണെന്ന ആകാംഷയില്‍ അവര്‍ ഹിന്ദിയിലും തമിഴിലും ചോദിക്കുന്നു. ചിലര്‍ക്ക് ഗുഹയ്ക്കുള്ളില്‍ കയറണം, മറ്റു ചിലര്‍ക്ക് ഗുഹയുടെ മുന്നില്‍ കയറി ഫോട്ടോ എടുക്കണം.
പക്ഷികള്‍ ഗുഹക്കു മുന്നിലെ വെള്ളത്തില്‍ കുളിക്കുന്നില്ല ആളുകളുടെ ബാഹുല്യം കൂടിയത് കൊണ്ട്. സായിപ്പൊക്കെ കലിച്ച് നില്ക്കുന്നു. എന്താണൊരു വഴി.പിന്നെ ചെയ്തതാണ് ചിത്രത്തില്‍ കാണുന്നത് ഒരു കല്ലെടുത്ത് കുത്തിവെച്ചു വട്ടയിലയില്‍ കുറച്ച് കൊങ്ങിണിപ്പൂവും ഉമ്മത്തിന്റെ പൂവും വെച്ചു. പന്ത്രണ്ട് രൂപ നേര്‍ച്ചയുമിട്ടു, പിന്നെ എന്നെ അതിശയിപ്പിക്കുന്ന സംഭവങ്ങളായിരുന്നു. ഒരാന്ത്രക്കാരി 120 രൂപയിട്ട് അഞ്ച് ഏത്തമിട്ടിട്ട് ഏന്നോട് ഈ പ്രതിഷ്ട ഏതാണെന്ന് ചോദിച്ചു. പെട്ടന്ന് വായില്‍ വന്നത് പരശുരാമന് തപസിരുന്ന സ്ഥലമാണെന്നാണ്. എന്തിനു പറയണു4.30 മുതല്‍ 6 മണി വരെ ഭണ്ഡാരം വരവ് 374 രൂപ. 4 രൂപാ രാമനും കൊടുത്തു 370 രൂപ ഞാനുമെടുത്തു. NB ഞാന്‍ പ്രതിഷ്ഠിച്ചത് എന്റെ പരശുരാമനെയാണ്.