ചാത്തന്നൂർ: പാരിപ്പള്ളി കടമ്പാട്ടുകോണം പേരൂർകാവ് ഏലായി ൽ ഇന്ന് കൊയത്തുത്സവം നടക്കും. പാരിപ്പള്ളി അമൃത സ്കൂളിലെ സ്റ്റുഡന്റ് പൊലീസിന്റെയും നാട്ടുകാരുടെയും സഹകരണത്തോടെ പത്തേക്കർ പാടത്ത് വിളഞ്ഞ നെല്ല് ഇന്ന് കൊയ്തെടുക്കും.നാല് മാസം മുമ്പ് പാരിപ്പള്ളി കൃഷി ഓഫീസിൽ നിന്ന് ലഭിച്ച ഉമ ഇനം നെൽവിത്തുമായാണ് വിദ്യാർത്ഥികൾ കാട് കയറിയ പാടം വൃത്തിയാക്കി കൃഷിയാരംഭിച്ചത്.
അദ്ധ്വാനത്തിന്റെ മഹത്വം വിളിച്ചോതുന്ന പുതുതലമുറയുടെ ആവേശത്തിൽ നാട്ടുകാരും ഒപ്പം ചേർന്നതോടെ പൊന്നിൻ കതിരുകൾ വിളയുകയായിരുന്നു.ചാത്തന്നൂർ എ.സി.പി ജവഹർ ജനാർദ് ചടങ്ങ് ഉദ്ഘാടനം ചെയ്യും. പാരിപ്പള്ളി എസ്.ഐ രാജേഷ്, പി.ടി.എ പ്രസിഡന്റ് രാധാകൃഷ്ണൻ, സ്കൂൾ എച്ച്.എം ലത തുടങ്ങിയവർ ചടങ്ങിന് നേതൃത്വം വഹിക്കും.
കൊയ്തെടുക്കുന്ന നെല്ല് അരിയാക്കി വിദ്യാർത്ഥികൾക്ക് നൽകാനാണ് സ്കൂൾ അധികൃതരുടെ തീരുമാനം. കഴിഞ്ഞ വർഷവും പ്രദേശത്തെ ഒരേക്കറിൽ വിദ്യാർത്ഥികൾ കൃഷിയിറക്കി വിളവെടുത്തിരുന്നു.