ഭൂമിയ്ക്കടിയിലെ കാന്തികധ്രുവം മാറുന്നത് ഗവേഷകരുടെ ഉറക്കം കെടുത്തുന്നു ! ഉത്തരകാന്തിക ധ്രുവത്തിലെ സ്ഥാനചലനം ദുരൂഹം; കാത്തിരിക്കുന്നത് അതിഭീകരമായ പ്രശ്‌നങ്ങളെന്ന് വിവരം…

കടല്‍യാത്രികര്‍ക്ക് അത്യാന്താപേക്ഷിതമായ ഒന്നാണ് വടക്കുനോക്കിയന്ത്രം.കപ്പലുകള്‍ക്കും വിമാനങ്ങള്‍ക്കും എന്തിനേറെ അന്തര്‍വാഹിനികള്‍ക്കു വരെ ‘വഴി’ കാണിച്ചു കൊടുക്കുന്നത് വടക്കുനോക്കിയന്ത്രത്തിലെ സൂചിയാണ്. ഭൂമിയിലെ കാന്തിക ധ്രുവങ്ങള്‍ക്ക് അനുസരിച്ചാണ് ഇതിന്റെ പ്രവര്‍ത്തനം. ഈ കാന്തിക ധ്രുവങ്ങളുടെ ‘വേള്‍ഡ് മാഗ്‌നറ്റിക് മോഡല്‍’ ഗവേഷകര്‍ ഓരോ അഞ്ചു വര്‍ഷം കൂടുമ്പോഴും അപ്‌ഡേറ്റ് ചെയ്യാറുമുണ്ട്. 2015ലായിരുന്നു ഏറ്റവും ഒടുവില്‍ അപ്‌ഡേറ്റ് ചെയ്തത്. അടുത്തത് 2020ലാണ്. പക്ഷേ ഇപ്പോള്‍ അടിയന്തിരമായി ഗവേഷകര്‍ മാപ്പിംഗ് ആരംഭിച്ചിരിക്കുകയാണ്. ഭൂമിയ്ക്കടിയിലെ ചില അസാധാരണ സംഭവങ്ങളാണ് ഗവേഷകരെ ഇതിനു പ്രേരിപ്പിച്ചിരിക്കുന്നത്.

ഉത്തര കാന്തിക ധ്രുവത്തിലുണ്ടാകുന്ന ദുരൂഹമായ സ്ഥാനചലനമാണു ഗവേഷകരുടെ ഉറക്കം കെടുത്തുന്നത്. ഉത്തരകാന്തിക ധ്രുവത്തിനു നേരെയാണ് വടക്കുനോക്കിയന്ത്രത്തിന്റെ സൂചി തിരിഞ്ഞു നില്‍ക്കുക. ധ്രുവങ്ങള്‍ക്ക് ഓരോ വര്‍ഷവും കിലോമീറ്ററുകളോളം സ്ഥാനചലനം സംഭവിക്കുക. പതിവാണ്. എന്നാല്‍ അടുത്ത കാലത്താണ് ഉത്തരധ്രുവത്തിന്റെ ‘ഭ്രാന്തന്‍’ ചലനം ശ്രദ്ധയില്‍പ്പെട്ടത്. കാനഡയില്‍ നിന്ന് ഉത്തര കാന്തിക ധ്രുവം സൈബീരിയയുടെ ഭാഗത്തേക്കാണു നീങ്ങുന്നത്. അതും അസാധാരണമായ വേഗത്തില്‍. വര്‍ഷത്തില്‍ 50 കിലോമീറ്റര്‍ ദൂരം എന്ന കണക്കിനാണ് സഞ്ചാരം.

1980നും 1990ത്തിനും ഇടയ്ക്കു കാര്യമായ ചലനങ്ങളൊന്നും രേഖപ്പെടുത്തിയിരുന്നില്ല. എന്നാല്‍ ഇക്കഴിഞ്ഞ 40 വര്‍ഷത്തിനിടെ ദുരൂഹമാം വിധം സ്ഥാനചലന വേഗം വര്‍ധിക്കുകയായിരുന്നു. 2020ലാണ് വേള്‍ഡ് മാഗ്‌നറ്റിക് മോഡല്‍ ഇനി അപ്‌ഡേറ്റ് ചെയ്യേണ്ടത്. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ ഇതു നേരത്തേയാക്കണമെന്ന് യുഎസ് സൈന്യമാണ് ആവശ്യപ്പെട്ടതെന്ന് ബ്രിട്ടിഷ് ജിയോളജിക്കല്‍ സര്‍വേ (ബിജിഎസ്) വ്യക്തമാക്കി. ഇതിന്റെ കാരണം വ്യക്തമാക്കിയിട്ടില്ല. ബിജിഎസും യുഎസ് നാഷനല്‍ ഓഷ്യാനിക് ആന്‍ഡ് അറ്റ്‌മോസ്ഫറിക് അഡ്മിനിസ്‌ട്രേഷനും ചേര്‍ന്നാണ് മോഡല്‍ തയാറാക്കുന്നത്.

കാന്തിക ധ്രുവത്തിന്റെ സ്ഥാനചലനം ആര്‍ട്ടിക്കില്‍ കപ്പലുകളുടെ സഞ്ചാരത്തെ ബാധിച്ചു തുടങ്ങിയതായാണു വിവരം. കാനഡയ്ക്കു വടക്ക് ആര്‍ടിക് സമുദ്രത്തിലാണ് ഈ പ്രശ്‌നം ഏറ്റവും രൂക്ഷം. നാറ്റോ സഖ്യശക്തികളുടെയും യുഎസിന്റെയും ബ്രിട്ടന്റെയും സൈന്യവും നിലവില്‍ വേള്‍ഡ് മാഗ്‌നറ്റിക് മോഡല്‍ ഉപയോഗിച്ചാണു നാവിഗേഷന്‍. ഇതുകൂടാതെ യാത്രാക്കപ്പലുകളും ചരക്കുകപ്പലുകളുമെല്ലാം ഇതുപയോഗിക്കുന്നുണ്ട്. ഭൂമിക്കടിയില്‍ ഉരുകിയ അവസ്ഥയിലുള്ള ഇരുമ്പിനുണ്ടാകുന്ന സ്ഥാനമാറ്റമാണ് ഉത്തര കാന്തികധ്രുവത്തിലെ മാറ്റത്തിനും കാരണമാകുന്നത്. എന്നാല്‍ ഇരുമ്പിന്റെ സ്ഥാനം മാറ്റുന്ന ‘ശക്തി’ ഏതാണെന്നും ഇതുവരെ കണ്ടെത്താനായിട്ടില്ല. 2016ല്‍ തെക്കേ അമേരിക്കയില്‍ ഭൂമിക്കു താഴെ ഒരു പ്രത്യേകതരം ‘ജിയോമാഗ്‌നറ്റിക് പള്‍സിന്റെ’ സാന്നിധ്യം തിരിച്ചറിഞ്ഞു. ഇതാണോ ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ക്കു കാരണമെന്നും പരിശോധിക്കുന്നുണ്ട്.

ആര്‍ട്ടിക്കിനു പുറത്തുള്ളവരെ നിലവില്‍ ഈ പ്രതിസന്ധി ബാധിച്ചിട്ടില്ല. കാറുകളിലെയും ഫോണുകളിലെയുമെല്ലാം നാവിഗേഷന്‍ സംവിധാനം കൃത്രിമോപഗ്രഹങ്ങളില്‍ നിന്നുള്ള റേഡിയോ തരംഗങ്ങളെ അടിസ്ഥാനമാക്കിയുള്ളതായതിനാലാണ് ഇത്. എന്നാല്‍ ഭൂമിയിലെ കാന്തിക മണ്ഡലങ്ങള്‍ക്കു അതിഭീകരമായ മാറ്റം സംഭവിച്ചാല്‍ വന്‍ പ്രശ്‌നങ്ങളാണുണ്ടാവുക. ‘ജിയോമാഗ്‌നറ്റിക് റിവേഴ്‌സല്‍’ എന്ന ഈ പതിഭാസത്തിലൂടെ ഭൂമി പലപ്പോഴും കടന്നുപോയിട്ടുണ്ടെന്നും ഗവേഷകര്‍ പറയുന്നു.

Related posts