പത്തനാപുരം:മകരവിളക്കിന് കലിയുഗ വരദന്റെ സന്നിധിയും പരിപാവനമായ പമ്പയും ഐതിഹ്യ പെരുമയുളള എരുമേലിയുമെല്ലാം കരവിരുതിന്റെ കൈപ്പുണ്യത്താല്‍ ഭക്തജനങ്ങളള്ക്കായി നിര്‍മ്മിച്ച് ശ്രദ്ധേയമാവുകയാണ് പട്ടാഴി വടക്കേക്കരയിലെ ഒരു കൂട്ടം അയ്യപ്പ ഭക്തര്‍.
മണയറ റോഡിന്റെ ഇരുവശങ്ങളിലുമായാണ് മനസ്സില്‍ നിന്ന് കൊത്തിയെടുത്ത ചെറുമാതൃകകള്‍ ഭക്തര്‍ നിര്‍മ്മിച്ച് വച്ചിരിക്കുന്നത്.നാല്പത് ദിവസത്തെ കഠിന വ്രതം നോറ്റാണ് ശബരിമലയുടെ പുനരാവിഷ്കാരം ഇവര്‍ ഒരുക്കിയത് .
ശബരിമല സന്നിധിയും പുണ്യ സ്ഥലങ്ങളും ദര്ശിച്ചട്ടില്ലാത്ത സ്ത്രീ ഭക്തജനങ്ങള്‍ക്കും സഹോദര മതസ്ഥര്‍ക്കും വേണ്ടിയാണ് ഭക്തിയുടെ ശക്തിവിളിച്ചോതുന്ന ദൃശ്യവിരുന്നൊരുക്കിയത്.
എരുമേലി ശ്രീധര്‍മ്മശാസ്താ ക്ഷേത്രം,പേട്ട ക്ഷേത്രം ,വാവരുപളളി, പരമ്പരാഗത കാനന പാത, കാളകെട്ടി, അഴുത, കല്ലിടാംങ്കുന്ന്, കരിമല, പമ്പ കെ.എസ്.ആര്‍ടിസി ബസ്റ്റാന്റ്,പമ്പാ നദി, അപ്പാച്ചി മേട്, നീലിമല,ശബരീപീഠം ,മരക്കൂട്ടം, ശരംക്കുത്തിയുമെല്ലാം ഇവിടെ കാണാം.
പതിനെട്ടാം പടിയും, ആഴിയും സോപാനവും,ശ്രീകോവിലും, മാളികപ്പുറവുമെല്ലാം ഭക്തിയുടെ നേര്‍ക്കാഴ്ചയാകുന്നു.ശ്രീശബരീ ഭക്തസമിതിയുടേയും സഹോദര സഖ്യം ബാലവേദിയുടേയും ആഭിമുഖ്യത്തിലാണ് ശബരിമല മാത്യക നിര്‍മ്മിച്ചത്.