മംഗലംഡാം: കടപ്പാറ മൂർത്തിക്കുന്നിൽ ഭൂമിക്കായുള്ള ആദിവാസികളുടെ ഭൂസമരം മൂന്നുവർഷം പിന്നിടുന്നു. 2016 ജനുവരി 15-നാണ് കൃഷിഭൂമിക്കും വീടിനുമായി മൂർത്തിക്കുന്നിലെ 22 ആദിവാസി കുടുംബങ്ങൾ സമീപത്തെ വനഭൂമി കൈയേറി കുടിലുകൾകെട്ടി രാപകൽ ഭൂസമരം തുടങ്ങിയത്.
എന്നാൽ ഭൂസമരം മൂന്നുവർഷം പിന്നിടുന്പോഴും ആദിവാസികൾക്ക് ഭൂമി നല്കുന്ന നടപടികൾ അനിശ്ചിതത്വത്തിൽ തുടരുകയാണ്. സമരം നടത്തിവരുന്ന ഭൂമിതന്നെ ആദിവാസികൾക്ക് നല്കാൻ കളക്ടറുടെ അധ്യക്ഷതയിൽ നടന്ന ബന്ധപ്പെട്ട വകുപ്പുമേധാവികളുടെ യോഗത്തിൽ തീരുമാനിച്ചിരുന്നെങ്കിലും തുടർനടപടി വൈകുന്ന സ്ഥിതിയാണ്.
കൈയേറിയ 14.67 ഏക്കർ വനഭൂമി റവന്യൂ ഭൂമിയാക്കി നല്കാനായിരുന്നു തീരുമാനം. ഒരു കുടുംബത്തിന് 60 സെന്റ് വീതം ഭൂമിയും ശേഷിക്കുന്ന ഒരേക്കറോളം ഭൂമി കോളനിക്കാരുടെ ആവശ്യത്തിനായി ഒഴിച്ചിടുമെന്നാണ് പറഞ്ഞിരുന്നത്.
സർക്കാർ അനുമതിയോടെ വനഭൂമി റവന്യൂ ഭൂമിയാക്കി കാണിച്ച് പട്ടയം നല്കാനും തീരുമാനമെടുക്കുകയുണ്ടായി. മൂർത്തിക്കുന്നിൽ ഇത്രയും വനഭൂമി നഷ്ടപ്പെടുന്നതിനു പകരമായി അട്ടപ്പാടി അഗളിയിൽ 29 ഏക്കർ വരുന്ന മിച്ചഭൂമി വനംവകുപ്പിനു കൈമാറാനും തീരുമാനമുണ്ടായിരുന്നു. വനഭൂമി ഏറ്റെടുക്കുന്പോൾ അതിന്റെ ഇരട്ടി ഭൂമി വനംവകുപ്പിന്
കൈമാറണമെന്നാണ് വനനിയമം പറയുന്നത്. എന്നാൽ തീരുമാനമെടുത്ത് ഒന്നരവർഷം പിന്നീടുന്പോഴും നടപടികളിൽ പുരോഗതിയില്ലെന്നാണ് ആദിവാസികൾ പറയുന്നത്. മതിയായ ഭൂമിയും താമസസൗകര്യങ്ങളും ലഭിക്കുംവരെ സമരം തുടരാൻ തന്നെയാണ് ആദിവാസികളുടെ തീരുമാനം.
ചുട്ടുപൊള്ളുന്ന 40 സെന്റ് പാറപ്പുറത്താണ് 22 കുടുംബങ്ങൾ ദുരിതജീവിതം തുടരുന്നത്. ഇവിടെ തീപ്പെട്ടി കൂടുപോലെ കഷ്ടി രണ്ടുസെന്റിൽ ഒരു വീട് എന്ന കണക്കിലാണ് വീടുള്ളത്. കക്കൂസോ മറ്റ് അടിസ്ഥാന സൗകര്യങ്ങളോ ഇവർക്കില്ല. മലമൂത്ര വിസർജനമെല്ലാം സമീപത്തെ തോട്ടിൻകരയിലാണ്. ഇതിനാൽ വെള്ളം മലിനമാകുന്ന സ്ഥിതിയുമുണ്ട്. ഒരാൾ മരിച്ചാൽ അടക്കം ചെയ്യാൻപോലും സ്ഥലമില്ല.