പയ്യന്നൂര്‍: പൂന്തുരുത്തി മുച്ചിലോട്ട് ഭഗവതി ക്ഷേത്ര പെരുങ്കളിയാട്ട മഹോത്സവത്തിന് മുന്നോടിയായി നടന്ന ലക്ഷം ദീപം സമര്‍പ്പണത്തിന് അതിഥിയായി എത്തിയത് സിനിമാ താരം മഞ്ജു വാര്യര്‍. ക്ഷേത്രം തന്ത്രി തെക്കിനേടത്ത് തരണനെല്ലൂര്‍ പത്മനാഭന് ഉണ്ണി നമ്പൂതിരിപ്പാട് പകര്‍ന്നു നല്കിയ ദീപത്തില്‍ നിന്നും ലക്ഷം ദീപങ്ങളിലെ ആദ്യ തിരി തെളിച്ചാണ് മഞ്ജുവാര്യര്‍ ലക്ഷം ദീപസമര്‍പ്പണത്തിന്റെ ഉദ്ഘാടനം നിർവഹിച്ചത്.
സംഘാടക സമിതി വര്‍ക്കിംഗ് ചെയര്മാന് പി.എ. സന്തോഷ് അധ്യക്ഷത വഹിച്ചു. ചെയര്മാന് എച്ച്.എല്‍. ഹരിഹര അയ്യര്‍ സംഘാടക സമിതിയുടെ ഉപഹാരമായി മഞ്ജു വാര്യര്‍ക്ക് ലക്ഷ്മി വിളക്ക് സമ്മാനിച്ചു. ജനറല്‍ കണ്‍വീനര്‍ പി. തമ്പാന്, ട്രഷറര്‍ പി. മോഹനന്, പലോറ മുരളീധരന് പണിക്കര്‍, കെ.വി. അനൂപ്, എന്‍.വി. കൃഷ്ണന്, രാജീവന് പച്ച, ഗിരിജ മോഹന്‍ എന്നിവര്‍ പ്രസംഗിച്ചു.